Posted By user Posted On

‘കണ്ണുതുറന്നപ്പോൾ വിമാനത്തിനുള്ളിൽ പുക’; ഭീതി പരത്തി ‘യാത്രക്കാരൻ’, അടിയന്തര ലാൻഡിങ്… സംഭവിച്ചത്

കഴിഞ്ഞദിവസം 160 യാത്രക്കാരും ആറ് ജീവനക്കാരും രണ്ട് പൈലറ്റുമാരും ഉൾപ്പെടെ 168 പേരുമായി പറന്ന അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 357ല്‍ ഭീതി പരത്തി യാത്രക്കാരന്റെ ഇലക്ട്രോണിക് ഉപകരണത്തിന് തീപിടിച്ചു. സംഭവത്തെ തുടർന്ന് വിമാനത്തിന് അടിയന്തര ലാൻഡിങ് നടത്തി. യുഎസ് ആസ്ഥാനമായുള്ള എയർലൈൻ ഓപ്പറേറ്ററായ അമേരിക്കൻ എയർലൈൻസിന്റെ ഫിലഡൽഫിയയിൽ നിന്ന് ഫീനിക്സിലേക്കുള്ള വിമാനമാണ് യാത്രക്കാരന്റെ ഇലക്ട്രോണിക് ഉപകരണത്തിന് തീപിടിച്ചതിനെ തുടർന്ന് അടിയന്തരമായി വാഷിങ്ടനിലെ ഡള്ളസ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറക്കിയത്.

‘ഞാൻ ഉറക്കമുണർന്നപ്പോൾ വിമാനത്തിനുള്ളിൽ പുകയുടെ രൂക്ഷഗന്ധം അനുഭവപ്പെട്ടു. വിമാനത്തിലുള്ള പലരും ചുമയ്ക്കുന്നുണ്ടായിരുന്നു. പിന്നിലേക്ക് നോക്കിയപ്പോൾ എന്തോ തീ പിടിച്ചുവെന്ന് മനസ്സിലായി’ – എമർജൻസി എക്സിറ്റ് സീറ്റിലെ യാത്രക്കാരി അഡ്രിയാന നോവെല്ലോ പറഞ്ഞു.

ഡള്ളസ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് ശേഷം സുരക്ഷാ ജീവനക്കാർ വിമാനത്തിലെത്തി യാത്രക്കാരെയും ജീവനക്കാരെയും പുറത്തിറക്കി. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. അതേസമയം തീപിടിത്തത്തിന് കാരണമായ ഉപകരണം ഏതാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

യാത്രക്കാരെ എത്രയും വേഗം ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ശ്രമിക്കുമെന്ന് അമേരിക്കൻ എയർലൈൻസ് അറിയിച്ചു. വിമാനത്തിന്റെ അടിയന്തര ലാൻഡിങ് ഡള്ളസ് വിമാനത്താവളത്തിലെ മറ്റ് പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് മെട്രോപൊളിറ്റൻ വാഷിങ്ടൻ എയർപോർട്ട് അതോറിറ്റി അറിയിച്ചു. സംഭവത്തെക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GFfX6tLxLbyLX53yfBuI4N?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version