ഖത്തറില്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെ പിടികൂടിയത് 5,093 മൈനകളെ;
ദോഹ: രാജ്യത്തെ പരിസ്ഥിതിക്ക് വെല്ലുവിളിയായ മൈനകളുടെ വ്യാപനം തടയുന്നതിനും അവയെ നിയന്ത്രിക്കുന്നതിനുള്ള പദ്ധതിയുടെയും ഭാഗമായി മൂന്നു മാസത്തിനിടെ 5,093 എണ്ണത്തെ പിടികൂടിയതായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. നാച്വറൽ റിസർവ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ വന്യജീവി സംരക്ഷണം, പ്രകൃതി സംരക്ഷണം തുടങ്ങിയ മേഖലകളിലെ 2025 രണ്ടാം പാദത്തിലെ പ്രവർത്തന റിപ്പോർട്ടിലാണ് പിടികൂടിയ മൈനകളുടെ എണ്ണം സൂചിപ്പിക്കുന്നത്. കാഴ്ചയിൽ നിസ്സാരനും നിരുപദ്രവകാരിയുമെങ്കിലും പരിസ്ഥിതിക്ക് മൈനകൾ വലിയ ശല്യക്കാരനായാണ് വിലയിരുത്തുന്നത്. ആക്രമണാത്മ സ്വഭാവം കാരണം മറ്റു പക്ഷി വർഗങ്ങളുടെ നിലനിൽപ് തന്നെ മൈനകൾ ഭീഷണിയാവുന്നു.
ഫാമുകളിലും തോട്ടങ്ങളിലും വിളകൾ നശിപ്പിക്കുക മാത്രമല്ല, മലേറിയ, പകർച്ചവ്യാധികൾ ഉൾപ്പെടെ രോഗങ്ങൾ പടർത്താനും ഇവക്ക് ശേഷിയുണ്ട്. രോഗം പകർത്തുന്നത് പ്രാദേശിക പക്ഷി-ജീവി വർഗങ്ങളുടെ വംശനാശത്തിനും കാരണമാകുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. രാജ്യാതിർത്തികൾ കടന്ന് പറന്നെത്തുന്ന മൈനകളുടെ എണ്ണം പെരുകിയതോടെയാണ് പരിസ്ഥിതി മന്ത്രാലയം നടപടി ശക്തമാക്കിയത്.
മന്ത്രാലയത്തിന്റെ രണ്ടാം പാദത്തിലെ പ്രവർത്തന റിപ്പോർട്ടിൽ, ഖത്തർ നാഷനൽ വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ പദ്ധതികളും പാരിസ്ഥിതിക അവബോധവും സമൂഹത്തിന്റെ പങ്കാളിത്തവും വർധിപ്പിക്കുന്നതിനുള്ള വഴികളും വിശദീകരിക്കുന്നുണ്ട്. ഈ സീസണിൽ 218 കടലാമക്കൂടുകൾ ക്രമീകരിച്ചതായും 3,287 ആമക്കുഞ്ഞുങ്ങളെ തുറന്നുവിട്ടതായും വന്യജീവി വികസന വകുപ്പ് അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GFfX6tLxLbyLX53yfBuI4N?mode=ac_t
Comments (0)