പ്രമേഹം മുതല്‍ കാൻസര്‍വരെ, കണ്ണുകള്‍ സൂചന തരും ഈ രോഗങ്ങളെക്കുറിച്ച്, അറിയാം
കണ്ണുകളിലുണ്ടാകുന്ന മാറ്റങ്ങൾ, ഉയർന്ന രക്തസമ്മർദത്തിന്റെയോ എന്തിനേറെ കാൻസറിന്റെയോ ലക്ഷണമാകാമെന്ന് വിദഗ്ധര്‍. കണ്ണുകൾ കേന്ദ്രനാഡീവ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ശരീരത്തെ എന്തെങ്കിലും ബാധിച്ചാൽ അത് കണ്ണുകളെയും ബാധിക്കും.
പ്രമേഹം, ഹൈപ്പർ ടെൻഷൻ അഥവാ രക്താതിമർദം, കൊളസ്ട്രോൾ ഡിസോർഡേഴ്സ്, ഓട്ടോ ഇമ്മ്യൂൺ അവസ്ഥകൾ, അപകടകരമായ കാൻസറുകൾ തുടങ്ങി പലതരം രോഗങ്ങളുടെയും ലക്ഷണങ്ങൾ പ്രകടമാകും മുൻപെ കണ്ണുകൾ അതിന്റെ സൂചനകൾ നൽകുമെന്ന് ‘ഫ്രണ്ടിയേഴ്സ് ഇൻ മെഡിസിൻ’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. വാസ്കുലാർ പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ റെറ്റിനയിലെ രക്തക്കുഴലുകൾ സൂചന നൽകും. അവ ഇടുങ്ങുകയോ എന്തെങ്കിലും അടിഞ്ഞു കൂടുകയോ അസാധാരണമായ പിഗ്മെന്റേഷൻ കാണപ്പെടുകയോ ചെയ്യും. ചില രോഗങ്ങൾ ഉണ്ടെങ്കിൽ കണ്ണുകൾ പ്രകടമാക്കുന്ന അവയുടെ ലക്ഷണങ്ങളെ അറിയാം.
∙ കൊളസ്ട്രോൾ
ചീത്ത കൊളസ്ട്രോൾ അഥവാ എൽഡിഎൽ കൊളസ്ട്രോൾ കൂടുതലായാൽ പെട്ടെന്ന് കാഴ്ച മങ്ങുന്ന അവസ്ഥ വരാം. ഒരു നിഴൽ വരുന്നതും പോകുന്നതുമായി തോന്നും. കൊളസ്ട്രോൾ രക്തത്തിൽ അടിഞ്ഞു കൂടുകയും രക്തക്കുഴലുകളിൽ റെറ്റിനയിലേതുൾപ്പെടെ തടസ്സമുണ്ടാക്കുകയും ഇത് കാഴ്ചയെ ബാധിക്കുകയും ചെയ്യും. കൊളസ്ട്രോൾ വളരെയധികം കൂടുതലാണെങ്കിൽ കണ്ണിനുള്ളിലും കണ്ണുകൾക്കു ചുറ്റും കൊളസ്ട്രോൾ അടിഞ്ഞുകൂടിയതായി കാണാം.
∙ തൈറോയ്ഡ്
കണ്ണുകൾ പുറത്തേക്ക് തള്ളി വരുന്നതായി തോന്നുകയാണെങ്കിൽ ഉടൻതന്നെ തൈറോയ്ഡ് പരിശോധിക്കണം. കഴുത്തിൽ കാണപ്പെടുന്ന ശലഭാകൃതിയിലുള്ള അവയവമാണ് തൈറോയ്ഡ്. ഇത് വളർച്ചയെയും ഉപാപചയപ്രവർത്തനത്തെയും നിയന്ത്രിക്കുന്ന ഹോർമോണുകളെ നിയന്ത്രിക്കുന്നു. എന്തെങ്കിലും ഹോർമോൺ അസന്തുലനം ഉണ്ടായാൽ അത് കണ്ണുകളിലെ പേശികൾക്ക് വീക്കം വരാനും കാരണമാകും. ഇത് ഡബിൾ വിഷനും കാരണമാകുമെന്ന് ഡോക്ടർമാർ പറയുന്നു. ഗ്രേവ്സ് ഡിസീസിനും തൈറോയ്ഡ് കാരണമാവാം. കൺപോളകൾ ഉള്ളിലേക്ക് വലിയുകയും കണ്ണുകൾക്ക് സാധാരണയേക്കാൾ വലുപ്പം തോന്നുകയും ചെയ്യുന്ന ഒരിനം ഓട്ടോ ഇമ്മ്യൂൺ രോഗമാണ് ഗ്രേവ്സ് ഡിസീസ്.
∙ പ്രമേഹം
രക്തത്തിലെ പഞ്ചസാരയുടെ അളവ് അനിയന്ത്രിതമായി കൂടുന്നവരും പ്രമേഹം ഉള്ളവരും കണ്ണുകൾക്ക് പ്രത്യേക പരിചരണം നൽകണം. പ്രമേഹം മൂലം കാഴ്ച ശക്തിയെ നിയന്ത്രിക്കുന്ന റെറ്റിനയുെട ഭാഗമായ മാക്യുലയ്ക്ക് വീക്കവും വരാൻ സാധ്യതയുണ്ട്. ഇത് സാവകാശം കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കും. ഗുരുതരമായ കേസുകളിൽ പ്രമേഹം പൂർണമായും അന്ധതയിലേക്കും നയിക്കും. പ്രമേഹം ഉള്ളവരിൽ ഗ്ലൂക്കോമ ബാധിക്കാനുള്ള സാധ്യത ഇരട്ടിയാണെന്നും ഇവർക്ക് തിമിരം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ഡോക്ടർമാർ പറയുന്നു.
കാൻസർ
ചിലയിനം കാൻസറുകൾ അതായത് കണ്ണുകളെ ബാധിക്കുന്ന റെറ്റിനോ ബ്ലാസ്റ്റോമ അഥവാ ഒക്യുലാർ മെലനോമ ഇവയുടെ ആദ്യലക്ഷണങ്ങൾ കണ്ണുകളിൽ പ്രകടമാകും. റെറ്റിനയിലുണ്ടാകുന്ന നിറം മാറ്റമായോ മുറിവുകളും ക്ഷതങ്ങളും ആയോ ആവാം ആദ്യം ലക്ഷണങ്ങൾ പ്രകടമാകുന്നത്. ഈ രോഗങ്ങൾ കണ്ണുകളിൽ വ്യാപിക്കുകയും ക്രമേണ മറ്റ് അവയവങ്ങളിലേക്ക് പടരുകയും ചെയ്യും. കാര്യമായ ലക്ഷണങ്ങൾ പ്രകടമാകും മുൻപെ ഈ പ്രശ്നങ്ങൾ തിരിച്ചറിയാൻ വിഷ്വൽ ഫീൽജ് ടെസ്റ്റിങ്ങിലൂടെയും വിശദമായ കണ്ണ് പരിശോധനയിലൂടെയും സാധിക്കും.
∙ പക്ഷാഘാതം
പക്ഷാഘാതം അഥവാ സ്ട്രോക്ക് ആദ്യം ബാധിക്കുക കണ്ണുകളെയാണ്. പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുന്നത് പക്ഷാഘാതം വരാൻ പോകുന്നതിന്റെയോ പക്ഷാഘാതം വന്നതിന്റെയോ ലക്ഷണമാണ്. സ്ട്രോക്ക് മൂലമുണ്ടാകുന്ന കാഴ്ച നഷ്ടം ഒരു കണ്ണിൽ മാത്രമാകും മിക്കവാറും സംഭവിക്കുക. എന്നാൽ ഓരോ കണ്ണിന്റെയും വിവിധഭാഗങ്ങളിലും ഇത് സംഭവിക്കാം. ഡബിൾ വിഷൻ, കണ്ണുകളുടെ അനിയന്ത്രിതമായ ചലനം, എന്താണ് കാണുന്നത് എന്ന് മനസ്സിലാക്കാൻ പ്രയാസം തുടങ്ങി പലതരം ലക്ഷണങ്ങളും പക്ഷാഘാതത്തിന്റേതായി പ്രകടമാകാം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GFfX6tLxLbyLX53yfBuI4N?mode=ac_t
Comments (0)