ദുരിത യാത്രക്ക് ശമനമില്ല; ദോഹ-കോഴിക്കോട് എയർഇന്ത്യ സർവീസ് അവസാനനിമിഷം റദ്ദാക്കി
ദോഹ: പ്രവാസി യാത്രക്കാരെ ദുരിതത്തിലാക്കി വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ്. കഴിഞ്ഞദിവസം രാവിലെ 11.50ന് ദോഹയിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന ഐ.എക്സ് 376 എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അവസാനനിമിഷം റദ്ദാക്കി. പലരും എയർപോർട്ടിലെത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയ വിവരം അറിയുന്നത്. അവധിക്കാലത്ത് കുറഞ്ഞനിരക്കിൽ നാട്ടിലേക്ക് പോകാൻ ടിക്കെറ്റടുത്ത് ഒരുങ്ങിയ നിരവധി യാത്രക്കാരെ എയർ ഇന്ത്യയുടെ നടപടി പ്രയാസത്തിലാക്കിയിരിക്കുകയാണ്.
വെള്ളിയാഴ്ച സാങ്കേതിക തകരാറിനെത്തുടർന്ന് മുടങ്ങിയ ദോഹ-തിരുവനന്തപുരം എയർ ഇന്ത്യ വിമാനം റീ ഷെഡ്യൂൾ ചെയ്യുകയായിരുന്നു. ഈ യാത്രക്കാർ ഇന്ന് രാവിലെയാണ് പുറപ്പെട്ടത്. ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ചെക്കിങ്ങും ബോഡിങ്ങും കഴിഞ്ഞ് വിമാനത്തിൽ കയറിയ ശേഷമായിരുന്നു മുഴുവൻ യാത്രക്കാരെയും പുറത്തിറക്കിയത്. മണിക്കൂറോളം വിമാനത്തിലിരുന്ന ശേഷം 185 യാത്രക്കാരെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റുകയായിരുന്നു.
സാങ്കേതിക തകരാർ പരിഹരിച്ച് ഉടൻ പുറപ്പെടാൻ കഴിയുമെന്ന് ക്യാപ്റ്റൻ അറിയിച്ചെങ്കിലും എയർ പോർട്ട് അധികൃതർ വിമാനത്തിന് ക്ലിയറൻസ് നൽകിയിരുന്നില്ല. സാങ്കേതിക തകരാർ പരിഹരിക്കുന്നതിന് ഇന്ത്യയിൽനിന്ന് ഉപകരണമെത്തിക്കണമെന്നും ഇതിന് 15 മണിക്കൂർ സമയമെടുക്കുമെന്നും എയർ പോർട്ട് അധികൃതർ അറിയിക്കുകയായിരുന്നെന്ന് യാത്രക്കാർ പറഞ്ഞു. സാങ്കേതിക തകരാർ ശ്രദ്ധയിൽ പെട്ടിട്ടും പരിഹരിക്കാതെയും ഗൗരവത്തിലെടുക്കാതെയും എയർ ഇന്ത്യ യാത്രക്കായി ഒരുങ്ങുകയായിരുന്നെന്നും ഇത് ഗുരുതരമായി കാണണമെന്നും തിരുവനന്തപുരം സ്വദേശിയായ ബാബു ഗൾഫ് മാധ്യമത്തോട് പറഞ്ഞു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)