Posted By user Posted On

ഹെലികോപ്‌റ്ററിന്റെ ഇരമ്പം; പിന്നാലെ ഷെയ്‌ഖ് ജാബറിന്റെ കൊട്ടാരത്തിൽ സ്‌ഫോടന ശബ്‌ദം: പ്രവാസഓർമകളിൽ ജീവിക്കുന്ന ‘മലയാളി രക്ഷകൻ’

 കുവൈത്തിലെ ഇറാഖ് ആക്രമണകാലത്ത് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ നേതൃത്വം നൽകിയത് പ്രമുഖ വ്യവസായിയായിരുന്ന മാത്തുണ്ണി മാത്യൂസ് എന്ന ടൊയോട്ട സണ്ണിയാണ്. 1990 ലെ യുദ്ധകാലത്തു സർക്കാർ ഉദ്യോഗസ്ഥരെല്ലാം കയ്യൊഴിഞ്ഞപ്പോൾ കുവൈത്തിലെ പ്രവാസികൾക്കു താങ്ങായി നിന്ന അദ്ദേഹം, ഇന്ത്യയിലേക്കു മടങ്ങാനാഗ്രഹിച്ച എല്ലാവരെയും സുരക്ഷിതരായി നാട്ടിലെത്തിച്ചു. യുഎന്നുമായും കേന്ദ്രസർക്കാരുമായുമുള്ള നിരന്തര ആശയവിനിമയത്തിലൂടെയാണ് അദ്ദേഹം ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ഇതിൽ നിന്നു പ്രചോദനമുൾക്കൊണ്ടാണു 2016ൽ രാജകൃഷ്ണ മേനോൻ ഗൾഫ് യുദ്ധം പ്രമേയമാക്കി ‘എയർലിഫ്റ്റ്’ എന്ന സിനിമയെടുത്തത്. 2003 ലെ ഗൾഫ് യുദ്ധവേളയിലും ഇന്ത്യൻ സമൂഹത്തിന് ആത്മധൈര്യവുമായി സണ്ണി മുൻനിരയിലുണ്ടായിരുന്നു.

കുമ്പനാട് അടപ്പനാംകണ്ടത്തിൽ പരേതരായ എ.സി.മാത്യൂസിന്റെയും ആച്ചിയമ്മയുടെയും മകനായ മാത്യൂസ് 1956ൽ ആണു ജോലിതേടി കുവൈത്തിൽ എത്തിയത്.1957ൽ നാസർ മുഹമ്മദ് അൽ സായർ ആൻഡ് കമ്പനിയിൽ ചേർന്നു; 1989ൽ ജനറൽ മാനേജരായി വിരമിച്ചു. കമ്പനിയിൽ മാത്യൂസിന്റെ നേതൃത്വത്തിൽ ടൊയോട്ട കാറുകളുടെ വിപണനം കുതിച്ചുയർന്നതോടെ വിളിപ്പേര് ടൊയോട്ട സണ്ണിയെന്നായി.

1990ൽ സഫീന കാർ റെന്റൽ കമ്പനി, സഫീന ജനറൽ ട്രേഡിങ് കമ്പനി എന്നിവ സ്ഥാപിച്ചു. ജാബ്രിയ ഇന്ത്യൻ സ്കൂൾ ചെയർമാനായ അദ്ദേഹം, കുവൈത്ത് ഇന്ത്യൻ ആർട്ട് സർക്കിളിന്റെ സ്ഥാപകരിൽ പ്രമുഖനായിരുന്നു. ഇന്ത്യൻ ബിസിനസ് കൗൺസിൽ ചെയർമാൻ സ്ഥാനവും വഹിച്ചു. കുവൈത്തിലെ പഴക്കംചെന്ന മലയാളി കൂട്ടായ്മയായ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ രൂപവൽക്കരിക്കാനും മുന്നിട്ടിറങ്ങി.

കുവൈത്തിനു നേരെയുണ്ടായ ഇറാഖ് അധിനിവേശത്തിന്റെ ഓർമ ഒരിക്കൽ ടൊയോട്ട സണ്ണി പങ്ക് വച്ചത് ഇങ്ങനെയായിരുന്നു. ‘1990 ഓഗസ്റ്റ് 2, കാലത്ത് ആറുമണിയോടെ ടെലിഫോൺ ബെൽ അടിച്ചു. രാവിലെ ടെന്നിസ് കളിക്കാൻ എത്താറുള്ള സുഹൃത്ത് നമ്പ്യാർ ആയിരുന്നു അപ്പുറത്ത്. റോഡ് നിറയെ സൈനികരെ കാണുന്നുവെന്നും എന്താണു പ്രശ്‌നമെന്നു വ്യക്‌തമല്ലെന്നും അദ്ദേഹം പറഞ്ഞു. അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും വീടിനു മുന്നിലെ റോഡിലും സൈനിക ടാങ്കുകളെത്തി. അടുത്ത സ്‌ട്രീറ്റിലാണു യുഎസ് എംബസി.. ആ കെട്ടിടം വളഞ്ഞിരിക്കുകയാണെന്നും തൊട്ടടുത്ത ഇടങ്ങളിലെല്ലാം നിരന്നത് ഇറാഖ് സൈന്യത്തിന്റെ ടാങ്കുകളാണെന്നും അൽപം കഴിഞ്ഞാണ് മനസ്സിലായത്.

അൽപം കഴിഞ്ഞ് കോളിങ് ബെൽ മുഴങ്ങി. കുടിവെള്ളം ചോദിച്ച് ഏതാനും സൈനികർ. അകത്തേക്കു വരാമെന്നു പറഞ്ഞിട്ടും കയറാതെ വെള്ളം വാങ്ങിക്കുടിച്ച് അവർ മടങ്ങി. അപ്പോഴാണ് യുഎസിലുള്ള സഹോദരൻ ജേക്കബ് മാത്യുവിന്റെ ഫോൺ. ഇറാഖ് സൈന്യം കുവൈത്തിൽ അധിനിവേശം നടത്തിയതായി സിഎൻഎൻ ചാനലിൽ കാണുന്നുവെന്നായിരുന്നു വിവരം. അങ്ങനെ കുവൈത്തിൽ എന്താണു നടന്നതെന്ന് അമേരിക്ക വഴി ആദ്യവിവരം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version