Posted By user Posted On

നിയമലംഘനങ്ങള്‍ കയ്യോടെ പൊക്കും; ഖത്തറിലെ ആകാശത്തും പോലീസ് നിരീക്ഷണം

ദോഹ: ഖത്തറില്‍ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ആകാശത്തും നിരീക്ഷണം ശക്തമാക്കി പരിസ്ഥിതി, കാലാവസ്ഥാ മന്ത്രാലയം. ഓട്ടോഗൈറോ വിമാനം ഉപയോഗിച്ചാണ് പരിശോധന. 10 ആകാശ പരിശോധനാ പറക്കലുകള്‍ നടത്തി.

രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, ഇതുവരെ ആകാശ വിമാനങ്ങള്‍ ഉപയോഗിച്ച് പത്തോളം പരിശോധനകള്‍ നടത്തി. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പരീക്ഷണ പറക്കല്‍. പറക്കും വിമാനങ്ങളിലൂടെ നടത്തിയ പരിശോധനയില്‍ 41 പരിസ്ഥിതി ലംഘനങ്ങള്‍ കണ്ടെത്തി. ഭൂസംരക്ഷണ വകുപ്പില്‍ 33 നിയമലംഘനങ്ങളും വന്യജീവി വികസന വകുപ്പിന് കീഴില്‍ എട്ട് നിയമലംഘനങ്ങളുമാണ് കണ്ടെത്തിയത്.

അനധികൃത ഭൂവിനിയോഗം, മണ്ണും സസ്യജാലങ്ങളും നശിപ്പിക്കുന്നത്, ക്രമരഹിതമായ മാലിന്യ നിര്‍മാര്‍ജനം, പ്രകൃതിദത്തമായ പുല്‍മേടുകളിലെ കൈയേറ്റം, ലൈസന്‍സില്ലാത്ത കയ്യേറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള നിയമലംഘങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ഉയര്‍ന്ന റെസല്യൂഷന്‍ ക്യാമറകളും തത്സമയ ആശയവിനിമയ സംവിധാനങ്ങളും ഓട്ടോഗൈറോ നിരീക്ഷണ വിമാനങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്. രാജ്യത്തെ ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും, സസ്യജാലങ്ങളുടെ വ്യാപ്തി പഠിക്കുന്നതിനും, ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

പറന്നുയരുമ്പോഴോ ലാന്‍ഡിംഗ് ചെയ്യുമ്പോഴോ യാതൊരു ബുദ്ധിമുട്ടുകളും വിമാനങ്ങള്‍ നേരിട്ടില്ലെന്നും പരീക്ഷണം വിജയകരമായെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. 2024 മെയ് മാസത്തിലാണ് ഓട്ടോഗൈറോ ഉപയോഗിച്ച് മന്ത്രാലയം ആദ്യമായി വ്യോമ പരിസ്ഥിതി നിരീക്ഷണം ആരംഭിച്ചത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version