Posted By user Posted On

മകളെ യെമനിൽ വിട്ടിട്ട് നാട്ടിലേക്കില്ലെന്ന് നിമിഷ പ്രിയയുടെ അമ്മ

സന ∙ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമങ്ങൾ തുടരുന്നതിനിടെ നിമിഷ പ്രിയയുടെ അമ്മ വീട്ടുതടങ്കലിൽ ആണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി. മകളെ യെമനിൽ വിട്ടിട്ട് നാട്ടിലേക്ക് വരാൻ കഴിയില്ല.ആരും നിർബന്ധിച്ച് യെമനിൽ പിടിച്ച് വച്ചിട്ടില്ല. അനാവശ്യ പ്രചാരണങ്ങൾ നടത്തരുതെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു വിഡിയോയിൽ പ്രേമകുമാരി പറയുന്നു.നിമിഷപ്രിയയുടെ കാര്യങ്ങൾക്കായി സാമുവൽ ജെറോം കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുൻപ് നാട്ടിലേക്ക് പോയി. തനിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടാണ് അദ്ദേഹം നാട്ടിലേക്ക് പോയതെന്ന് നിമിഷ പ്രിയയുടെ അമ്മ വ്യക്തമാക്കി.

‘സ്വന്തം അമ്മയെ എങ്ങനെ നോക്കുന്നോ അതേ സംരക്ഷണത്തിലാണ് ഞാൻ സാമുവേൽ സാറിന്റെ വീട്ടിൽ കഴിയുന്നത്. ദിവസവും എന്നെ വിളിക്കുകയും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്യാറുണ്ട്. ആരും എന്നെ നിർബന്ധിച്ച് ഇവിടെ പിടിച്ച് വച്ചിട്ടില്ല’. അനാവശ്യ പ്രചാരണങ്ങൾ തന്നെ വിഷമിപ്പിക്കുന്നു എന്നും പ്രേമകുമാരി പറഞ്ഞു.

നിമിഷ പ്രിയയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിയിക്കുന്നുണ്ട്. നിമിഷയെ കാണാനും കഴിയുന്നുണ്ടെന്ന് പ്രേമകുമാരി വിഡിയോയില്‍ പറഞ്ഞു. 2024 ഏപ്രിൽ 20 മുതൽ യെമനില്‍ കഴിയുകയാണ് നിമിഷ പ്രിയയുടെ അമ്മ.

നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യെമനിൽ വീട്ടുതടങ്കലിൽ ആണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സേവ് നിമിഷപ്രിയ ഫോറം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇത്തരം പ്രചാരണങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്നവർക്ക് മറ്റെന്തൊക്കെയോ താൽപര്യങ്ങളുണ്ടാകുമെന്ന് നിമിഷ പ്രിയയുടെ ഭർത്താവ് ടോമി തോമസ് പറഞ്ഞതായി സേവ് നിമിഷ പ്രിയ ഫോറം പ്രസ്താവനയിൽ അറിയിച്ചു.

‘‘ഇന്നു രാവിലെ കൂടി പ്രേമകുമാരിയുമായി ഞാൻ ഫോണിൽ സംസാരിച്ചിരുന്നു. അവർ യെമനിൽ തടവിലോ വീട്ടുതടങ്കലിലോ ആരുടെയെങ്കിലും കസ്റ്റഡിയിലോ അല്ല. കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ പവർ ഓഫ് അറ്റോണി ഹോൾഡർ ആയ സാമുവൽ ജെറോമിന്റെ സംരക്ഷണയിൽ എന്റെ അറിവും സമ്മതത്തോടും കൂടിയാണ് അവർ യെമനിൽ തുടരുന്നത്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നൽകിയിട്ടുള്ള 40,000 ഡോളർ കേന്ദ്രസർക്കാരിന്റെ വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ട് വഴിയാണ് ട്രാൻസ്ഫർ ചെയ്തിട്ടുള്ളത്. ഈ പണം യെമനിൽ കേസ് നടത്തുന്നതിനായി ഇന്ത്യൻ സർക്കാർ നിയമിച്ച യെമന്‍ സ്വദേശിയായ വക്കീലിന്റെ ചെലവുകൾക്ക് വേണ്ടിയിട്ടുള്ളതാണെന്നുകൂടി ഈ അവസരത്തിൽ സൂചിപ്പിക്കുന്നു.’’ – ടോമി തോമസ് പറഞ്ഞു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version