ഉപയോഗിക്കാത്ത അവധി; 13 വർഷത്തെ നഷ്ടപരിഹാരം നൽകാൻ മുൻ തൊഴിലുടമയോട് യുഎഇ കോടതി
ഉപയോഗിക്കാത്ത വാർഷിക അവധിക്ക് 13 വർഷത്തെ നഷ്ടപരിഹാരം നൽകാൻ മുൻ തൊഴിലുടമയോട് അബുദാബിയിലെ കസെഷൻ കോടതി ഉത്തരവിട്ടു. യുഎഇയിലെ തൊഴിൽ തർക്കങ്ങളിൽ ഇതൊരു സുപ്രധാന വിധിയാണെന്ന് നിയമ വിദഗ്ധർ അഭിപ്രായപ്പെട്ടു. 2009 മുതൽ 2022 ജൂൺ വരെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ജീവനക്കാരനാണ് തന്റെ സേവനകാലയളവിൽ വാർഷിക അവധികൾ എടുത്തിട്ടില്ലെന്ന് കാണിച്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.
പുറംലോകം കാണാതെ സൗദി ജയിലിൽ; മനസ്സ് തകർത്ത ആറ് വർഷങ്ങൾ; പുതുജീവിതത്തിലും ഹൃദയത്തിൽ മുറിവായി ആ നൊമ്പരം
ജീവനക്കാരൻ അവധി എടുത്തതിനോ നഷ്ടപരിഹാരം നൽകിയതിനോ തെളിവുകൾ ഹാജരാക്കുന്നതിൽ തൊഴിലുടമ പരാജയപ്പെട്ടു. ഇതേത്തുടർന്ന് കോടതി ജീവനക്കാരന് 59,290 ദിർഹം നഷ്ടപരിഹാരമായി അനുവദിക്കുകയായിരുന്നു. നേരത്തെ, കീഴ്ക്കോടതി ജീവനക്കാരന് അനുകൂലമായി വിധിച്ചിരുന്നെങ്കിലും പരമാവധി രണ്ട് വർഷത്തെ ഉപയോഗിക്കാത്ത അവധിക്ക് മാത്രമാണ് നഷ്ടപരിഹാരം അനുവദിച്ചത്.
എന്നാൽ, കസെഷൻ കോടതി ഈ വിധി റദ്ദാക്കുകയും മുഴുവൻ കാലയളവിലെയും നഷ്ടപരിഹാരം അനുവദിക്കുകയും ചെയ്തു. ഈ വിധി യുഎഇയിലെ ഉപയോഗിക്കാത്ത അവധിയുമായി ബന്ധപ്പെട്ട തൊഴിൽ തർക്കങ്ങളിൽ സുപ്രധാന കീഴ്വഴക്കം സ്ഥാപിക്കുന്നതായി ഹബീബ് അൽ മുല്ല ആൻഡ് പാർട്ണേഴ്സിന്റെ സ്ഥാപകൻ ഡോ. ഹബീബ് അൽ മുല്ല അഭിപ്രായപ്പെട്ടു.
അവധി രേഖപ്പെടുത്തുന്നതിലും നൽകാത്ത അവധിയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളിലും അവധി നയങ്ങൾ പുതുക്കുന്നതിലും തൊഴിലുടമകൾക്ക് ഈ വിധി വലിയ സ്വാധീനം ചെലുത്തുമെന്നും കൂട്ടിച്ചേർത്തു. കമ്പനിയുടെ രേഖകളിൽ ഒരു പതിറ്റാണ്ടിനിടെ ഒരൊറ്റ അവധി മാത്രമാണ് കാണിച്ചിരുന്നത്. അവധിക്ക് പകരം പണം നൽകിയതിന് തെളിവുകളൊന്നും ഉണ്ടായിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിൽ, അവസാനത്തെ അടിസ്ഥാന ശമ്പളം ഉപയോഗിച്ച് കണക്കാക്കി ജീവനക്കാരന് അനുകൂലമായി കോടതി വിധിക്കുകയായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)