വാഹനങ്ങളുടെയും ആരോഗ്യം ഉറപ്പാക്കാം; വേനൽക്കാലം അപകടരഹിതമാക്കാൻ യുഎഇ ആർടിഎ
വേനൽക്കാലം അപകടരഹിതമാക്കാൻ പ്രത്യേക പ്രചാരണ പരിപാടികളുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ആഭ്യന്തര മന്ത്രാലയത്തിന്റെയും ദുബായ് പൊലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സിന്റെയും സഹകരണത്തോടെയാണ് സുരക്ഷാ ക്യാംപയ്ൻ നടത്തുന്നത്. സുരക്ഷാ നിർദേശങ്ങളും ഓർമപ്പെടുത്തലുകളും സെപ്റ്റംബർ അവസാനം വരെ തുടരും. വാഹനങ്ങളുടെ ‘ആരോഗ്യം’ നിരന്തരം പരിശോധിച്ച് ഉറപ്പാക്കണമെന്നും മതിയായ ഓയിലും കൂളന്റും ഉറപ്പാക്കണമെന്നും ആർടിഎ ഡയറക്ടർ ഓഫ് ട്രാഫിക് അഹമ്മദ് അൽ ഖസൈമി പറഞ്ഞു. വർക്ക് ഷോപ്പുകളിൽ കൊടുത്തു അറ്റകുറ്റപ്പണി നടത്തുന്നതിനൊപ്പം ഓരോ തവണ വാഹനം എടുക്കും മുൻപും സ്വയം പരിശോധിച്ച് സുരക്ഷിതമെന്ന് ഉറപ്പാക്കണം.
ടയറുകളിൽ ആവശ്യത്തിനു കാറ്റുണ്ടോയെന്നും തേഞ്ഞു തുടങ്ങിയോ എന്നും പരിശോധിക്കണം. എൻജിനുള്ളിൽ ഓയിലോ വെള്ളമോ ചോരുന്നില്ലെന്നും ഉറപ്പാക്കണം. ഇത്തരം ചെറിയ ചോർച്ച പോലും തീപിടിത്തങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.ദുബായ് സമ്മർ സർപ്രൈസിലും കുട്ടികൾക്കായുള്ള സമ്മർ ക്യാംപുകളിലും റോഡ് സുരക്ഷാ സന്ദേശവുമായി ആർടിഎ എത്തുന്നുണ്ട്. വാഹനങ്ങളുടെ സുരക്ഷ പോലെ പ്രധാനമാണ്, കുട്ടികളുടെ കാര്യവും.
കടുത്ത ചൂടിൽ കുട്ടികളെ വാഹനത്തിൽ തനിച്ചാക്കി പുറത്തു പോകുന്നത് ഗുരുതര അപകടങ്ങൾക്കു കാരണമാകും. എസി ഓൺ ആണെങ്കിൽ പോലും കുട്ടികൾക്ക് മതിയായ ശ്വാസം ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നും മരണം പോലും സംഭവിക്കാമെന്നും ആർടിഎ മുന്നറിയിപ്പ് നൽകി.
യാത്ര സുരക്ഷിതമാക്കാം..
∙ വാഹനത്തിലെ എസി സംവിധാനം കൃത്യമായി പ്രവർത്തിക്കുന്നെന്ന് ഉറപ്പാക്കുക. വാഹനത്തിനുള്ളിൽ എല്ലായിടത്തും ഒരുപോലെ തണുപ്പ് എത്തുന്നെന്ന് ഉറപ്പാക്കണം. എസിയുടെ ഗ്യാസും പൈപ്പും പരിശോധിച്ച് ചോർച്ച ഇല്ലെന്ന് ഉറപ്പാക്കുക.
∙ എൻജിൻ ഓയിലും റേഡിയേറ്റർ കൂളന്റും ആവശ്യത്തിനുണ്ടാവണം. സ്വാഭാവികമായതിലും അധികമായി എൻജിൻ ചൂടാകും എന്നതിനാൽ കുളന്റിന്റെ അളവ് താഴാതെ നോക്കുക.
∙ ടയറിൽ കാറ്റ് ആവശ്യത്തിനുണ്ടാവണം. ടയറിന്റെ തേയ്മാനവും പരിശോധിക്കുക. തേഞ്ഞ ടയറുകൾ റോഡിലെ ചൂടിൽ പൊട്ടാനുള്ള സാധ്യത കൂടുതലാണ്.
∙ വാഹനത്തിന്റെ ബ്രേക്ക് ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്നു പരിശോധിക്കുക.
∙ ബ്രേക്ക് പാഡുകൾ വൃത്തിയായി സൂക്ഷിക്കുക. ബ്രേക്ക് പാഡിന് കേടുണ്ടെങ്കിൽ പുതിയത് ഇടണം.
∙ വാഹനം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. മുന്നിലെയും പിന്നിലെയും ഗ്ലാസുകളും ഹെഡ്‌ലൈറ്റും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ശരിയായ കാഴ്ചയ്ക്ക് ഇത് അത്യാവശ്യമാണ്.
∙ നേരിട്ടു സൂര്യപ്രകാശം ഏൽക്കുന്നിടത്ത് അധികനേരം വാഹനം നിർത്തിയിടാതിരിക്കാൻ ശ്രദ്ധിക്കുക. കഴിയുന്നതും തണലിടങ്ങളിൽ തന്നെ പാർക്ക് ചെയ്യുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)