Posted By user Posted On

നിങ്ങള്‍ ഈ ഡയറ്റാണോ പിന്തുടരുന്നത്? കിഡ്നി വരെ അടിച്ച് പോകും..പിന്നെയൊരു തിരിച്ചുവരവില്ല

വളരെ പെട്ടെന്ന് തടി കുറ‍ഞ്ഞ് കിട്ടുന്ന ഡയറ്റുകൾ ഉണ്ടോയെന്നാണ് പലരും ഇന്റർനെറ്റിൽ തിരയുന്നത്. കണ്ട് ഡയറ്റുകളൊക്കെ പിന്തുടരുന്നതിന് മുൻപ് ആദ്യം ശ്രദ്ധിക്കേണ്ടത് അവയെല്ലാം ആരോഗ്യപ്രദമാണോയെന്നതാണ്. ആരോഗ്യകരമായൊരു ശരീരമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ താഴെ പറയുന്ന ഡയറ്റുകൾ പിന്തുടരാതിരിക്കുന്നതാവും ഏറ്റവും ഉചിതം

ഉപ്പ് കുറഞ്ഞ അല്ലെങ്കിൽ ഉപ്പ് ഇല്ലാത്ത ഡയറ്റ്

ഉപ്പ് അമിതമായി കഴിക്കരുതെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല, പ്രത്യേകിച്ച് രക്തസമ്മർദ്ദം അധികമുള്ളവർക്ക്. എന്നാൽ ഉപ്പില്ലാതെയും ഭക്ഷണം കഴിക്കരുത്. ആരോഗ്യവിദഗ്ധരുടെ നിർദേശമില്ലാതെ ഉപ്പിനെ പാടെ ഉപേക്ഷിക്കരുത്. ശരീരത്തിലെ ഫ്ലൂയിഡുകളുടെ സന്തുലനം നിലനിർത്താനും നാഡികളുടെ പ്രവർത്തനത്തിനും പേശികളുടെ സങ്കോചത്തിനുമെല്ലാം ഉപ്പ് അത്യന്താപേക്ഷിതമാണ്. ഉപ്പ് പൂർണമായും ഒഴിവാക്കുന്നത് ശരീരത്തിൽ സോഡിയം കുറയാൻ കാരണമാകും. ഇത് തലകറക്കം, പേശിവലിവ്, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കും കാരണമാകും. അതിനാൽ ഉപ്പ് പൂർണമായും ഒഴിവാക്കാനുള്ള പദ്ധതിയൊക്കെ ഉണ്ടെങ്കിൽ ആരോഗ്യ വിദഗ്ധരുടെ നിർദേശത്തോടെ മാത്രമേ അതിന് മുതിരാവൂ.

കൊഴുപ്പ് ഒഴിവാക്കിയുളള ഡയറ്റ്

കൊഴുപ്പ് ശരീരത്തിൽ അടിയുന്നതാണ് തടി കൂട്ടുന്നത്. അതുകൊണ്ട് തന്നെ കൊഴുപ്പ് ഒഴിവാക്കിയാൽ തടി എളുപ്പം കുറയുമല്ലോയെന്നായിരിക്കും ചിന്ത, തികച്ചും തെറ്റിധാരണയാണത്. ആരോഗ്യകരമായ കൊഴുപ്പുകൾ ശരീരത്തിന് അത്യവശ്യമാണ്. പ്രത്യേകിച്ച് അവക്കാഡോ, നട്സ്, ഒലീവ് ഓയിൽ എന്നിവ. ഇത് തലച്ചോറിന്റെ പ്രവർത്തനത്തിനും ഹോർമോൺ ഉത്പാദനത്തിനുമെല്ലാം വളരെ ആവശ്യമാണ്. കൊഴുപ്പില്ലാത്ത ഭക്ഷണം കഴിക്കുന്നത് ശരീരത്തിൽ ഫാറ്റി ആസിഡുകൾ കുറയാൻ കാരണമാകും. ഇത് ചർമ്മം വരണ്ട് പോകുക, രോഗപ്രതിരോധശേഷി ദുർബലമാകുക, ഊർജം കുറയുക തുടങ്ങിയ അവസ്ഥയ്ക്ക് കാരണമാകും. അതിനാൽ കൊഴുപ്പ് പൂർണമായി ഒഴിവാക്കുന്നതിന് പകരം ശരീരത്തിന് ആവശ്യമായ ആരോഗ്യകരമായ കൊഴുപ്പ് ശരിയായ അളവിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം.

കലോറി പൂർണമായി കുറക്കുന്ന ഡയറ്റുകൾക്ക് പിന്നാലെ പോകണ്ട

തടി കുറക്കാനുള്ള ശ്രമത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത് കലോറി കുറക്കുകയെന്നതാണ്. എന്നാൽ കലോറി പൂർണമായും കുറച്ചാൽ അത് ആരോഗ്യത്തെ ബാധിക്കും. കലോറി ‌ ഒഴിവാക്കിയുള്ള ഡയറ്റുകൾ ശരീരഭാരം എളുപ്പത്തിൽ കുറക്കുമെങ്കിലും മറ്റ് ചില ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമാകും. വിശന്നിരിക്കുന്നത് ശരീരത്തിന്റെ മെറ്റബോളിസം മന്ദഗതിയിലാക്കും. സ്ഥിരമായുള്ള ഭക്ഷണരീത ഒഴിവാക്കുന്നത് ഒരുപക്ഷെ തടി കൂടാനും കാരണമാകും. ചില സാഹചര്യങ്ങളിൽ പോഷകങ്ങളുടെ കുറവിലേക്കും ഇത് നയിക്കും. ശരീരത്തിലെ പ്രധാന അവയവങ്ങളെ പോലും ഇത് ബാധിച്ചേക്കാം. അതിനാൽ ശരീരഭാരം കുറയ്ക്കണമെങ്കിൽ സമീകൃതാഹരവും കൃത്യമായ വ്യായാമവും പിന്തുടരുകയാണ് പ്രധാനം.

ഡിടോക്സ് ഡയറ്റ്

അതിരാവിലെ ചെറുനാരങ്ങ അല്ലെങ്കിൽ ഇഞ്ചി എന്നിവ ചേർത്തുള്ള വെള്ളമൊക്കെ നമ്മൾ കുടിക്കാറുണ്ടാകും. ശരീരത്തിലെ വിഷാംശങ്ങളെ ഇല്ലാതാക്കാൻ ഇത് സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. ഇത്തരത്തിൽ ഡീറ്റോക്സ് ഡയറ്റ് തന്നെ പിന്തുടരുന്നവരും ഉണ്ട്. എന്നാൽ ഇത്തരം ഡയറ്റുകൾക്കൊന്നും ശാസ്ത്രീയ പിന്തുണ ഇല്ല. ഇങ്ങനെയുള്ള ഡയറ്റുകളിൽ പ്രധാനമായും നിർദേശിക്കപ്പെടുന്ന മാർഗങ്ങൾ ഉപവാസവും പഴച്ചാറുകും അല്ലെങ്കിൽ ചില വിഭാഗം ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കണമെന്നൊക്കെ ആയിരിക്കും. ഇത് നമ്മുടെ ശരീരത്തിൽ കൃത്യമായ അളവിൽ പോഷണം എത്താതിരിക്കാൻ കാരണമാകും മാത്രമല്ല നിർജലീകരണത്തിലേക്കും നയിച്ചേക്കും.

നമ്മുടെ ശരീരത്തിലെ മാലിന്യം കളയാനുള്ള ജോലി എടുക്കാൻ കരളും കിഡ്നിയും ഉണ്ട്. അല്ലാതെ അമിതമായി വിഷാംശങ്ങളെ കളയേണ്ട അവസ്ഥയൊന്നും ശരീരത്തിനില്ല. അതിനാൽ നാരുകൾ അടങ്ങിയ പച്ചക്കറികൾ, ധാന്യങ്ങൾ, ലീൻ പ്രോട്ടീനുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയുള്ള ഭക്ഷണക്രമം പിന്തുടരുന്നതാണ് ഉചിതം. ഇത്തരം ഭക്ഷണരീതി തന്നെ ശരീരത്തെ വിഷവിമുക്തമാക്കും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version