210 വിമാനങ്ങൾ; 24,350 കോടി ഡോളറിന്റെ കരാർ; ബോയിങ് കരാറിൽ ഒപ്പുവച്ചു
ദോഹ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഖത്തർ സന്ദർശനത്തിൽ ശ്രദ്ധേയമായി ഖത്തർ എയർവേസിനു വേണ്ടിയുള്ള ബോയിങ് വിമാനങ്ങളുടെ കരാർ. രാജ്യത്തിന്റെ ദേശീയ എയർലൈൻ കമ്പനിയായ ഖത്തർ എയർവേസിന്റെ വിമാന നിര ശക്തമാക്കുന്നതിന്റെ ഭാഗമായി 9600 കോടി ഡോളറിന്റെ കരാറിലാണ് ബോയിങ് ഒപ്പുവെച്ചത്.
ഇതുവഴി 787 ഡ്രീംലൈനറും, 777 എക്സ് വിമാനങ്ങളും ഉൾപ്പെടെ 210 പുതിയ വിമാനങ്ങൾ ഖത്തർ എയർവേസിന്റെ ഭാഗമായി മാറും. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയെയും, പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും സാക്ഷിയാക്കിയായിരുന്നു വ്യോമ മേഖലയിലെ ഏറ്റവും വലിയ കരാർ എന്ന് ട്രംപ് വിശേഷിപ്പിച്ച ധാരണയിൽ ഒപ്പുവെച്ചത്. ബോയിങ് സി.ഇ.ഒ കെല്ലി ഓർട്ബെർഗാണ് കരാർ ഒപ്പിട്ടത്. പ്രതിരോധം, സാങ്കേതികം തുടങ്ങി വിവിധമേഖലകളിലും ഇരു രാജ്യങ്ങളും സഹകരണ കരാറുകളിൽ ഒപ്പുവെച്ചു.
പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി എം.ക്യൂ 9 ബി ഡ്രോണുകൾ, എഫ്.എസ് ലിഡ്സ് ആന്റി ഡ്രോൺ ഉൾപ്പെടെ സഹകരണം സംബന്ധിച്ചും ധരണാ പത്രത്തിൽ ഒപ്പുവെച്ചു. ഊർജ മേഖലയിൽ 850 കോടി ഡോളറിന്റെയും, സാങ്കേതിക മേഖല ഉൾപ്പെടെ അമേരിക്കൻ കമ്പനികളുമായി 9700 കോടി ഡോളറിന്റെയും ധാരണയായി. ഇതെല്ലാം ഉൾപ്പെടെയാണ് 24,350 കോടി ഡോളറിന്റെ കരാറിൽ ട്രംപും ഖത്തറും ഒപ്പുവെച്ചത്. ഖത്തറുമായുള്ള ഇടപാട് അമേരിക്കൻ സമ്പദ്ഘടനയിൽ 1.20 ലക്ഷം കോടി ഡോളറിന്റെ സ്വാധീനമുണ്ടാക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)