നോർത്ത്, സൗത്ത് അമേരിക്കൻ യാത്ര എളുപ്പമാകും; ജൂൺ മുതൽ കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്
ദോഹ∙ യാത്രക്കാർക്ക് സൗത്ത്, നോർത്ത് അമേരിക്കയിലേക്കുള്ള യാത്ര എളുപ്പമാക്കാൻ കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്. ടൊറന്റോയിലേക്കും സാവോ പോളോയിലേക്കുമാണ് ജൂൺ 19, 25 തീയതികളിൽ പുതിയ സർവീസുകൾ ആരംഭിക്കുന്നത്. ജൂൺ 19 മുതൽ ടൊറന്റോയിലേക്കുള്ള സർവീസുകളുടെ എണ്ണം 5 ആകും. ജൂൺ 25 മുതൽ സാവോ പോളോയിലേക്ക് 3 അധിക പ്രതിവാര സർവീസുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ടൊറന്റോ പിയേഴ്സൻ വിമാനത്താവളത്തിലേക്ക് സർവീസ് ആരംഭിച്ച് 6 മാസം പൂർത്തിയാകുന്നതിന് മുൻപേയാണ് യാത്രക്കാരുടെ തിരക്കിനെ തുടർന്ന് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. വേനൽക്കാലത്ത് ബുധൻ, വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലും ശൈത്യകാലത്ത് എല്ലാ ദിവസവുമായിരിക്കും ദോഹയിൽ നിന്ന് ടൊറന്റോയിലേക്കും തിരിച്ചുമുള്ള സർവീസുകൾ.
സാവോ പോളോയിലെ പ്രധാന രാജ്യാന്തര വിമാനത്താവളമായ ഗാരുലൂസിലേക്ക് ജൂൺ 25 മുതൽ 17 സർവീസുകളാണ് ആഴ്ചയിൽ ഉണ്ടാകുക. നിലവിൽ 14 പ്രതിവാര സർവീസുകളാണുള്ളത്. 3 അധിക സർവീസുകൾ കൂടി പ്രഖ്യാപിച്ചതോടെയാണ് പ്രതിവാര സർവീസുകൾ 17 എണ്ണമാകുക. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസുകൾ.
ആഗോള തലത്തിൽ 170 നഗരങ്ങളിലേക്കാണ് ഖത്തർ എയർവേയ്സ് നിലവിൽ സർവീസ് നടത്തുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)