അൽ അഖ്സയിലേക്ക് അതിക്രമിച്ചു കയറിയ സംഭവം: ശക്തമായി അപലപിച്ച് ഖത്തർ
ദോഹ: അധിനിവേശ സർക്കാറിലെ മന്ത്രിയുടെ നേതൃത്വത്തിൽ ഇസ്രായേലി കുടിയേറ്റക്കാർ അൽ അഖ്സയിലേക്ക് അതിക്രമിച്ചുകയറിയതിനെ ശക്തമായി അപലപിച്ച് ഖത്തർ. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ വികാരങ്ങളെ വേദനിപ്പിക്കുന്നതുമാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രായേലിന്റെ തീവ്ര വലതുപക്ഷ സുരക്ഷ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറിന്റെ അൽ അഖ്സ സന്ദർശനത്തിനും അവിടെ നടത്തിയ പ്രാർഥനക്കുമെതിരെ ലോകമെമ്പാടും പ്രതിഷേധം വ്യാപിക്കുകയാണ്. ഫലസ്തീൻ ജനതക്കും ഇസ്ലാമിക, ക്രിസ്ത്യൻ വിശുദ്ധ സ്ഥലങ്ങൾക്കുമെതിരെയുള്ള ഇത്തരം ലംഘനങ്ങൾ തുടരുന്നത് മൂലം മേഖലയിൽ ആക്രമണങ്ങൾ വർധിക്കുമെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
1967ലെ അതിർത്തികളെ അടിസ്ഥാനമാക്കി കിഴക്കൻ ജറൂസലം തലസ്ഥാനമാക്കി ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കണമെന്നും ഒരു നിയന്ത്രണവുമില്ലാതെ മതപരമായ ചടങ്ങുകൾ പൂർണമായി നിർവഹിക്കുന്നത് അടക്കം ജനതയുടെ എല്ലാ അവകാശങ്ങൾക്കും ഫലസ്തീൻ പ്രശ്നത്തിനുമുള്ള പിന്തുണയും വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.
ഞായറാഴ്ച അധിനിവേശ കിഴക്കൻ ജറൂസലമിലെ മസ്ജിദിൽ എത്തിയ ബെൻ ഗ്വിർ, ഒരുകൂട്ടം ജൂതന്മാരുടെ നേതൃത്വത്തിൽ പ്രാർഥന നടത്തുകയായിരുന്നു. പൂർവേഷ്യയിലെ ഏറ്റവും സെൻസിറ്റിവ് ആയ സ്ഥലങ്ങളിലൊന്നായ അൽ അഖ്സയിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള ക്രമീകരണം ലംഘിച്ചതാണ് കടുത്ത രോഷത്തിലേക്ക് നയിച്ചത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)