നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണ; മോചന ചർച്ചകൾ തുടരും
കോഴിക്കോട് ∙ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ കേസിൽ ചില നിർണായക തീരുമാനങ്ങൾ ഉണ്ടായതായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ ഓഫിസ്. വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങൾ തുടർചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാനുമാണ് ധാരണയായതെന്നാണ് വിവരം. ഇക്കാര്യം കേന്ദ്ര സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. കാന്തപുരത്തിന്റെ സുഹൃത്തും യെമനിലെ തരീമിൽനിന്നുള്ള പണ്ഡിതനുമായ ഹബീബ് ഉമർ ബിൻ ഫഫിള് നിയോഗിച്ച യെമൻ പണ്ഡിത സംഘത്തിനു പുറമെ ഉത്തര യെമനിലെ ഭരണാധികാരികളും രാജ്യാന്തര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് തീരുമാനമുണ്ടായതെന്ന് എ.പി.അബൂബക്കർ മുസല്യാരുടെ ഓഫിസ് അറിയിച്ചു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടർചർച്ചകൾക്ക് ശേഷമായിരിക്കും ശിക്ഷ സംബന്ധിച്ച മറ്റു കാര്യങ്ങൾ തീരുമാനിക്കുക.
വധശിക്ഷ ഒഴിവാക്കാൻ ധാരണയായെങ്കിലും അന്തിമ തീരുമാനത്തിനായി ചർച്ച തുടരുമെന്നാണ് വിവരം. ഇതിനിടെ, വധശിക്ഷ സംബന്ധിച്ച വിഷയത്തിൽ അനുകൂല നിലപാടെടുക്കാതെ തലാലിന്റെ സഹോദരനും രംഗത്തുവന്നിട്ടുണ്ട്. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് യെമനിലെ അറ്റോർണി ജനറലിനയച്ച കത്ത് ഉൾപ്പെടുത്തിയുള്ള പോസ്റ്റാണ് തലാലിന്റെ സഹോദരൻ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്.
ഈ മാസം 16 നാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ നേരത്തെ തീരുമാനമായിരുന്നത്. കാന്തപുരത്തിന്റെ ഇടപെടലിനെ തുടർന്ന് മതപണ്ഡിതന്മാർ ഉൾപ്പെട്ട ചർച്ചയിലാണ് വധശിക്ഷ താൽക്കാലികമായി നീട്ടിവെച്ചത്. കാന്തപുരത്തിന്റെ സുഹൃത്തായ പണ്ഡിതൻ ഹബീബ് ഉമർ ബിൻ ഫഫിളിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാൻ അലി മഷ്ഹൂറിന്റെ നേതൃത്വത്തിലായിരുന്നു അന്നത്തെ ചർച്ചകൾ. യെമൻ ഭരണകൂടത്തിന്റെ പ്രതിനിധികൾ, സനായിലെ ജിനായത്ത് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരൻ, ഗോത്രത്തലവൻമാർ എന്നിവർ പങ്കെടുത്തു. കൊല്ലപ്പെട്ട തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യെമൻ ശൂറാ കൗൺസിൽ അംഗവുമായ ജസ്റ്റിസ് മുഹമ്മദ് ബിൻ അമീൻ ഷെയ്ഖും ഹബീബ് ഉമറിന്റെ നിർദേശപ്രകാരം അന്ന് ചർച്ചയിൽ ഇടപെട്ടിരുന്നു.
യെമനിൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്താണ് നിമിഷപ്രിയ തടവിൽ കഴിയുന്നത്. ഉത്തര യെമനിലെ ഗോത്രവിഭാഗങ്ങൾക്കിടയിൽ വൈകാരികത ആളിക്കത്തിയ വിഷയം കൂടിയായിരുന്നു തലാലിന്റെ മരണം. യെമൻ പൗരനായ തലാൽ അബ്ദുമഹ്ദിയെ 2017 ജൂലൈയിൽ നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചുവെന്നതാണ് കേസ്. പാലക്കാട് തേക്കിൻചിറ സ്വദേശിയാണ് നിമിഷപ്രിയ. തലാലിന്റെ വധവുമായി ബന്ധപ്പെട്ട കേസിൽ പിടിയിലായ നിമിഷപ്രിയയെ വിചാരണയ്ക്കു ശേഷം 2020 ലാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഈ തീരുമാനം പിന്നീട് ഹൂതി സുപ്രീം കൗൺസിലും അംഗീകരിച്ചിരുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)