Posted By user Posted On

യുഎഇയിൽ കരാർ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാൺ; റജിസ്ട്രേഷൻ നിർബന്ധം, നിയമലംഘകർക്ക് കനത്ത പിഴ

ദുബായിലെ കരാർ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ പുതിയ നിയമം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് നിയമം പുറപ്പെടുവിച്ചത്. നിർമാണ മേഖലയിലെ നിലവാരവും പ്രവർത്തനങ്ങളും ഏകീകരിക്കാനും കരാറുകാരുടെ വൈദഗ്ധ്യം, യോഗ്യതകൾ, കഴിവുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ അവരെ തരംതിരിക്കാനും ഈ നിയമം ലക്ഷ്യമിടുന്നു. സുതാര്യത വർധിപ്പിക്കുകയും ബന്ധപ്പെട്ട അധികാരികൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുകയും ദുബായിയുടെ അതിവേഗ നഗര, സാമ്പത്തിക വികസനവുമായി ഈ മേഖലയെ കൂടുതൽ യോജിപ്പിക്കുക എന്നതുമാണ് ഈ നീക്കത്തിലൂടെ ഉദ്ദേശിക്കുന്നത്.ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ (ഡിെഎഎഫ് സി) പോലുള്ള പ്രത്യേക വികസന മേഖലകളിലും ഫ്രീ സോണുകളിലും പ്രവർത്തിക്കുന്നവർ ഉൾപ്പെടെ ദുബായിലെ എല്ലാ കരാറുകാർക്കും ഈ നിയമം ബാധകമാണ്. എങ്കിലും വിമാനത്താവള അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട കരാർ പ്രവർത്തനങ്ങളെയും സമിതിയുടെ ശുപാർശകളെ അടിസ്ഥാനമാക്കി ഒഴിവാക്കിയേക്കാവുന്ന മറ്റ് പദ്ധതികളെയും ഇതിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എമിറേറ്റിലെ എല്ലാ കരാർ പ്രവർത്തനങ്ങൾക്കുമായി ഒരു സംയോജിത ഇലക്ട്രോണിക് റജിസ്ട്രി സ്ഥാപിക്കാനും നിയന്ത്രിക്കാനും ദുബായ് മുനിസിപ്പാലിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ സംവിധാനം ‘ഇൻവെസ്റ്റ് ഇൻ ദുബായ്’ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കും. വ്യവസായത്തിനായുള്ള ഒരു പെരുമാറ്റച്ചട്ടം വികസിപ്പിക്കുന്നതിനും നിർമാണം, കെട്ടിടനിർമാണം, പൊളിക്കൽ തുടങ്ങിയ മേഖലകളായി കരാറുകാരെ തരംതിരിക്കുന്നതിനും സാങ്കേതിക ഉദ്യോഗസ്ഥർക്ക് പ്രൊഫഷണൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ നൽകുന്നതിനും മുനിസിപ്പാലിറ്റിക്ക് ഉത്തരവാദിത്തമുണ്ട്.

കരാറുകാരുടെ റജിസ്ട്രേഷൻ സംബന്ധിച്ച നിബന്ധനകൾ ഈ നിയമത്തിൽ വ്യക്തമാക്കുന്നു. നിയമലംഘനങ്ങൾക്ക് 1,000 മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴ ചുമത്തും. ഒരു വർഷത്തിനുള്ളിൽ ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് പിഴ 2 ലക്ഷം ദിർഹം വരെ ഇരട്ടിയായേക്കാം. താൽക്കാലിക സസ്പെൻഷൻ, ക്ലാസിഫിക്കേഷൻ താഴ്ത്തൽ, ഔദ്യോഗിക കരാറുകാരുടെ റജിസ്ട്രിയിൽ നിന്ന് നീക്കം ചെയ്യൽ, വാണിജ്യ ലൈസൻസ് റദ്ദാക്കൽ എന്നിവയും ശിക്ഷകളിൽ ഉൾപ്പെടുന്നു. പുതിയ നിയമം പ്രാബല്യത്തിൽ വരുമ്പോൾ ദുബായിൽ പ്രവർത്തിക്കുന്ന എല്ലാ കരാറുകാരും ഒരു വർഷത്തിനുള്ളിൽ അവരുടെ നിലവിലെ പദവി ക്രമീകരിക്കേണ്ടതുണ്ട്. ഈ കാലയളവ് ആവശ്യമെങ്കിൽ സമിതിക്ക് ഒരു വർഷം കൂടി നീട്ടാം. ഈ കാലയളവിൽ റജിസ്ട്രേഷൻ കാലാവധി കഴിയുന്നവർക്ക് നിയമം പാലിക്കുമെന്ന് പ്രഖ്യാപിച്ച ശേഷം പുതുക്കാൻ അനുവാദമുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version