നടി മരിച്ചത് 9 മാസം മുൻപ്; മൃതദേഹം അപ്പാർട്മെന്റിൽ ജീർണിച്ച നിലയിൽ; മരണമറിഞ്ഞത് വാടക കുടിശ്ശികയായപ്പോൾ
പാക്കിസ്ഥാനിലെ കറാച്ചിയിലുള്ള അപ്പാർട്മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ പാക്ക് ചലച്ചിത്രതാരം ഹുമൈറ അസ്ഗർ അലി മരിച്ചത് 9 മാസം മുൻപെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കഴിഞ്ഞയാഴ്ചയാണ് ഇവരുടെ താമസസ്ഥലത്തുനിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൃതദേഹം അഴുകി ജീർണിച്ച അവസ്ഥയിലായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ കറാച്ചി പൊലീസ് സർജൻ ഡോ.സുമയ്യ സയീദിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.2024 ഒക്ടോബറിലാകും ഹുമൈറ മരിച്ചിട്ടുണ്ടാകുക എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ‘നടിയുടെ കോൾ റെക്കോർഡുകൾ പ്രകാരം അവസാനമായി ഇവർ ഫോൺ ഉപയോഗിച്ചത് 2024 ഒക്ടോബറിലാണ്. സെപ്റ്റംബറിലോ ഒക്ടോബറിലോ ഹുമൈറയെ കണ്ടതായി അയൽവാസികൾ മൊഴി നൽകിയിട്ടുമുണ്ട്’–പാക്ക് ഡപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ സയീദ് ആസാദ് റാസ പറഞ്ഞു. ബിൽ അടയ്ക്കാത്തതിനെ തുടർന്ന് 2024 ഒക്ടോബറിൽ ഇവരുടെ അപ്പാർട്ട്മെന്റിലെ വൈദ്യുതി വിച്ഛേദിച്ചിരുന്നു. വീട്ടിലുണ്ടായിരുന്ന ഭക്ഷ്യവസ്തുക്കളുടെ ഉപയോഗ കാലാവധി മാസങ്ങൾക്കു മുമ്പ് അവസാനിച്ചിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. അപ്പാർട്ട്മെന്റിൽ നടി താമസിച്ചിരുന്ന നിലയിൽ മറ്റാരും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ദുർഗന്ധം ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. അപ്പാർട്ട്മെന്റിലെ ഒരു ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നിട്ട നിലയിലായിരുന്നു.ഹുമൈറയുടെ മൃതദേഹം ഏറ്റെടുക്കാൻ ആദ്യം കുടുംബം വിസമ്മതിച്ചെങ്കിലും ഇപ്പോൾ മൃതദേഹാവശിഷ്ടങ്ങൾ ഏറ്റുവാങ്ങാൻ സഹോദരൻ നവീദ് അസ്ഗർ കറാച്ചിയിലെത്തിയതായി പാക്ക് പൊലീസ് പറഞ്ഞു. ഏഴുവർഷം മുൻപാണ് ഹുമൈറ ലഹോറിൽനിന്ന് കറാച്ചിയിലെത്തിയതെന്നും കുടുംബവുമായി വലിയ ബന്ധം പുലർത്തിയിരുന്നില്ലെന്നും നവീദ് പറഞ്ഞു. ഒന്നരവർഷം മുൻപാണ് അവസാനമായി ലഹോറിലെ വീട്ടിലെത്തിയതെന്നും ഇക്കാരണക്കാലാണ് ഹുമൈറയുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് പിതാവ് പറഞ്ഞതെന്നും നവീദ് കൂട്ടിച്ചേർത്തു. ഹുമൈറയുടെ മരണത്തെക്കുറിച്ച് അപ്പാർട്ട്മെന്റ് ഉടമയോട് ആരും ചോദിച്ചിട്ടില്ലെന്നും നവീദ് ആരോപിച്ചു.
വാടക ലഭിക്കാത്തതിനെ തുടർന്ന് വീട്ടുടമ നൽകിയ പരാതിയാണ് നടിയുടെ മരണവിവരം പുറത്തറിയാൻ കാരണമായത്. പൊലീസ് അപ്പാർട്ട്മെന്റിലെത്തി പരിശോധിച്ചപ്പോൾ മൃതദേഹം കണ്ടെത്തുകയായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)