
‘അവർക്ക് പണം മതി, കെട്ടിച്ചയച്ചിട്ട് വന്നുപെട്ടത് ദുരിതത്തിൽ’; യുഎഇയിൽ മകളെ കൊന്ന് ജീവനൊടുക്കിയ യുവതിയുടെ നൊമ്പരപ്പെടുത്തുന്ന ശബ്ദസന്ദേശം
ഷാർജയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി തൂങ്ങി മരിച്ച കൊല്ലം സ്വദേശി വിപഞ്ചിക മണിയൻ ഭർത്താവ് നിതീഷ് വലിയവീട്ടിലുമായി പിണങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. വിപഞ്ചിക യുഎഇയിലുള്ള ബന്ധുവിന് അടുത്തിടെ അയച്ച ശബ്ദസന്ദേശത്തിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. ഒരു വർഷമായി താനും നിതീഷും അകൽച്ചയിലാണെന്നും മകൾ വൈഭവി പിറന്നതിൽ പിന്നെ ഇതൊട്ടും ഇല്ലാണ്ടായെന്നും യുവതി പറയുന്നു. ജീവിതത്തിലെ സമ്മർദമെല്ലാം ഞാനാണ് അനുഭവിക്കുന്നത്. വീട്ടുകാര്യങ്ങൾ നോക്കേണ്ടതും കുഞ്ഞിനെ നോക്കേണ്ടതുമെല്ലാം ഞാൻ തന്നെ. എന്റെ കുഞ്ഞ് പട്ടിക്കുഞ്ഞിനെ പോലെ വീട്ടിൽ കിടക്കുന്നു. നിതീഷിന് അയാളുടെ കാര്യം മാത്രം നോക്കി നടന്നാൽ മതി. ഒരു വർഷത്തിനിടയ്ക്ക് അയാൾ കൊച്ചിനെ നാലോ അഞ്ചോ തവണ മാത്രമേ വെളിയിൽ കൊണ്ടുപോയിട്ടുള്ളൂ. അതും നാട്ടുകാരെ ബോധിപ്പിക്കാൻ അമ്പലത്തിലോ മറ്റോ ഒന്നു കൊണ്ടുപോകും. എന്നാൽ അയാൾ അയാളുടെ സഹോദരിയോടും അവരുടെ കുട്ടിയോടുമൊപ്പം എപ്പോഴും യാത്ര ചെയ്തും മറ്റും സന്തോഷത്തോടെ കഴിയുന്നു. അയാളുടെ വായിൽ നിന്ന് പുറത്തുവരുന്ന വാക്കുകൾ മറ്റുള്ളവരോട് പറയാൻ പറ്റാത്തവിധം വളരെ മോശമാണ്. അതുകൊണ്ട് അതിവിടെ ഞാൻ പറയുന്നില്ല. ഞാനും മോളും ഇവിടെ ഉരുകിയുരുകി കഴിയുകയാണ്.
പണത്തോട് ഇത്രമാത്രം ആർത്തിയുള്ള ഒരു മനുഷ്യനെ താൻ കണ്ടിട്ടില്ലെന്നും വിപഞ്ചിക പറയുന്നു. ഇഷ്ടം പോലെ പണമുണ്ടായിട്ടും അവർക്ക് പണം എത്ര കിട്ടിയാലും മതിയാകുന്നില്ല. അവരെല്ലാം എന്റെ ജീവിതത്തിൽ എന്തു നടക്കുന്നു എന്ന് നോക്കിയിരിക്കുകയാണ്. എന്റെ കുടുംബം എന്നെ കഷ്ടപ്പെട്ട് കെട്ടിച്ചയച്ചിട്ട് ഒടുവിൽ വന്നുപെട്ടത് ഇങ്ങനെയൊരു ദുരിതത്തിൽ. ഏഴ് മാസത്തിന് ശേഷമാണ് തന്നോടൊപ്പം നിതീഷ് കഴിഞ്ഞത്. അയാളും സഹോദരിയും മാതാവും തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും യുവതി ബന്ധുവിനോട് പരാതിപ്പെടുന്നു. എല്ലാം സഹിക്കുക തന്നെ. ഈ കുഞ്ഞിന്റെ മുഖം കണ്ടിട്ട് മാറാത്തവൻ ഇനി മാറുമെന്ന് പ്രതീക്ഷയില്ലെന്നും അവസാനമായി പറയുന്നു. മകളെ ഫോൺ വിളിച്ച് കിട്ടാത്തതിനാൽ അമ്മ വക്കീലിനെ വിളിച്ചു തനിക്ക് നിതീഷ് അയച്ച വിവാഹമോചന നോട്ടീസ് ലഭിച്ചെന്നും വലിയ വിഷമത്തിലാണെന്നും പറഞ്ഞ് വിപഞ്ചിക സംഭവ ദിവസം രാവിലെ നാട്ടിലേയ്ക്ക് വിളിച്ച് അമ്മ ഷൈലജയോട് പറഞ്ഞിരുന്നു. അവർ വിപഞ്ചികയെ സമാധാനിപ്പിച്ച ശേഷം കുടുംബസുഹൃത്തായ കൊല്ലത്തെ അഭിഭാഷകനെ വിളിച്ച് കാര്യം പറയുകയും മകളെ വിളിച്ച് സമാധാനിപ്പിക്കാനും ആവശ്യപ്പെട്ടു. ഇതേ തുടർന്ന് അഭിഭാഷകൻ വിപഞ്ചികയെ ഫോൺ വിളിച്ച് വിഷമിക്കേണ്ടെന്നും പോംവഴിയുണ്ടെന്നും അറിയിച്ച ശേഷം കൂടുതൽ കാര്യങ്ങൾ രാത്രി സംസാരിക്കാമെന്ന് പറഞ്ഞിരുന്നു.
എന്നാൽ, രാത്രി വിശദമായി സംസാരിക്കുന്നതിന് മുൻപേ വിപഞ്ചിക കടുംകൈ ചെയ്തു. വിപഞ്ചിക(33)യെയും ഒന്നര വയസുകാരിയായ മകളെയും ചൊവ്വാഴ്ചയാണ് ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം കൊട്ടാരക്കര ചന്ദനത്തോപ്പ് രജിത ഭവനിൽ പരേതനായ മണിയൻ-ഷൈലജ ദമ്പതികളുടെ മകളാണ് വിപഞ്ചിക.കുടുംബപ്രശ്നം കാരണം മകളുടെ കഴുത്തിൽ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു. ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച് ആർ വിഭാഗത്തിൽ ജോലി ചെയ്യുന്ന വിപഞ്ചികയും നിതീഷും കഴിഞ്ഞ കുറച്ച് കാലമായി സ്വരച്ചേർച്ചയിലായിരുന്നില്ല. മാത്രമല്ല ഇരുവരും വെവ്വേറെ സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്. സ്ത്രീധനത്തിന്റെ പേരിൽ നിതീഷ് വിപഞ്ചികയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മർദം ചെലുത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും ഇവരുടെ ബന്ധു പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)