യുഎഇയിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം; അഞ്ച് പ്രവാസികൾ അറസ്റ്റിൽ
ദുബായ് അൽ റാസിലെ നാല് വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് 30,000 ദിർഹം മോഷ്ടിച്ച കേസിൽ അഞ്ച് ഇത്യോപ്യൻ പൗരന്മാരടങ്ങുന്ന സംഘം ദുബായിൽ അറസ്റ്റിൽ. ദുബായ് പബ്ലിക് പ്രോസിക്യൂഷൻ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പ്രതികൾ ഓഫിസുകളിലേക്ക് അതിക്രമിച്ച് കടന്ന് സേഫുകൾ തകർത്ത് പണം മോഷ്ടിക്കുകയായിരുന്നു. രാവിലെ ഓഫിസിലെത്തിയ ഉടമകളാണ് മോഷണം നടന്നതായി കണ്ടെത്തിയത്.ഓഫിസുകൾ മുഴുവൻ വാരിവലിച്ചിട്ട നിലയിലായിരുന്നെന്നും സേഫുകൾ തകർത്തിരുന്നെന്നും അവർ പൊലീസിനെ അറിയിച്ചു. വിവരമറിഞ്ഞയുടൻ പട്രോളിങ് ഉദ്യോഗസ്ഥർ, ക്രൈം സീൻ ഇൻവെസ്റ്റിഗേറ്റർമാർ, ഫോറൻസിക് വിദഗ്ധർ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഓഫിസുകളിൽ ഫയലുകളും പേപ്പറുകളും ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. ഫോറൻസിക് സംഘം വിരലടയാളങ്ങളും മറ്റ് തെളിവുകളും ശേഖരിച്ചു. ഇതിനിടെ, സിസിടിവി ദൃശ്യങ്ങളിൽ പ്രതികൾ ടൊയോട്ട കൊറോള കാറിൽ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുന്നതായി കണ്ടെത്തി.
വാഹനത്തിന്റെ ലൈസൻസ് പ്ലേറ്റ് നമ്പർ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ ഡ്രൈവറെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റം സമ്മതിക്കുകയും മറ്റ് കൂട്ടാളികളുടെ വിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു. തുടർന്ന്, അബുദാബി പൊലീസുമായി സഹകരിച്ചുള്ള ഓപറേഷനിലൂടെ മറ്റ് നാല് പ്രതികളെയും അബുദാബിയിൽ അറസ്റ്റ് ചെയ്തു. അഞ്ച് പ്രതികളും ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചിട്ടുണ്ട്. മോഷണം പോയ 30,000 ദിർഹത്തിൽ 18,000 ദിർഹം പൊലീസ് കണ്ടെടുത്തു. ബാക്കി തുക തങ്ങളുടെ രാജ്യത്തേക്ക് അയച്ചതായി പ്രതികൾ സമ്മതിച്ചു. അന്വേഷണം പുരോഗമിക്കുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/ELNE8zKlSBPBsCEhfUubzv?mode=ac_t
Comments (0)