ഖത്തർ പ്രധാനമന്ത്രി യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
ദോഹ: യു.എ.ഇ സന്ദർശിക്കുന്ന ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. അബൂദബി ഖസ്ർ അൽ ബഹ്ർ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും ബലിപെരുന്നാൾ ആശംസകൾ കൈമാറുകയും ജനങ്ങളുടെ ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി പ്രാർഥിക്കുകയും ചെയ്തു.
തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധത്തെക്കുറിച്ചും സഹകരണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. ഇരുരാജ്യങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ സഹകരണം ശക്തിപ്പെടുത്താനും തീരുമാനിച്ചു. അതോടൊപ്പം പൊതു ആശങ്കയുള്ള വിവിധ പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും അവലോകനം ചെയ്യുകയും സമീപകാല സംഭവവികാസങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു. അബൂദബിയിലെ അൽ ബതീൻ വിമാനത്താവളത്തിൽ എത്തിയ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനിയെ അബൂദബി ഉപഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ്നൂൻ ബിൻ സായിദ് ആൽ നഹ്യാനും നിരവധി ഉദ്യോഗസ്ഥരും ചേർന്നാണ് സ്വീകരിച്ചത്. കൂടിക്കാഴ്ചയിൽ അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാൻ, ശൈഖ് തഹ്നൂൻ ബിൻ സായിദ് ആൽ നഹ്യാൻ, അൽ ദഫ്റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാൻ തുടങ്ങി പ്രമുഖർ പങ്കെടുത്തു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)