ഇസ്രയേല്‍ മാധ്യമങ്ങള്‍ കെട്ടിച്ചമച്ച വാര്‍ത്തകള്‍ പ്രചരിക്കുന്നതായി ഖത്തര്‍
ദോഹ: ഖത്തറിനെതിരെ ഇസ്രയേല്‍ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നു. ഖത്തറിനും അമേരിക്കയ്ക്കും ഇടയില്‍ സംഘര്‍ഷവും ഭിന്നതയും വിതയ്ക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രായേല്‍ മാധ്യമങ്ങളില്‍ വീണ്ടും വ്യാജ രേഖകള്‍ പ്രചരിക്കുന്നതായി ഖത്തര്‍ അറിയിച്ചു. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങളുടെ നിര്‍ണായക ഘട്ടത്തിലാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നതെന്നും ഖത്തറിന്റെ ഇന്റര്‍നാഷണല്‍ മീഡിയ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഗസയില്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള മനഃപ്പൂര്‍വ്വമായ ശ്രമങ്ങളാണ് ഇതെന്നും ഓഫീസ് അറിയിച്ചു. നയതന്ത്ര ശ്രമത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ മുമ്പും ഇത്തരത്തിലുള്ള ശ്രമങ്ങള്‍ നടത്തിയുണ്ടെന്നും ഓഫീസ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. കെട്ടിച്ചമച്ച ഒരു വ്യാജരേഖയും ഖത്തറും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ ദുര്‍ബലപ്പെടുത്തില്ലെന്നും അധികൃതര്‍ ഊന്നിപ്പറഞ്ഞു.
ഗസയിലെ സമാധാന ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ പ്രചരിപ്പിക്കുന്ന തെറ്റായ വിവരങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും അന്താരാഷ്ട്ര മാധ്യമ ഓഫീസ് മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)