ഖത്തറിലെ ഫിഫ ടൂർണമെന്റുകളിൽ വൊളന്റിയർ ആകാൻ അവസരം; നിബന്ധനകൾ അറിയാം
ദോഹ. ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ അറബ് കപ്പ്, ഫിഫ അണ്ടര്‍ 17 ലോകകപ്പ് ടൂർണമെന്റുകളിൽ വൊളന്റിയർ ആകാൻ അവസരം. രണ്ട് മത്സരങ്ങളിലേക്കുമായി 4,000 പേരെ തിരഞ്ഞെടുക്കും. പ്രാദേശിക സംഘാടക കമ്മിറ്റിയും ഫിഫയും ചേര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഫിഫ വൊളന്റിയര്‍ പ്രോഗ്രാമിന് തുടക്കമിട്ടത്. വൊളന്റിയർ സേവനത്തിന് താൽപര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷ നൽകാം. രണ്ടാഴ്ചയാണ് സമയപരിധി. രണ്ട് ടൂർണമെന്റുകളിലേക്കുമായി ഒറ്റ അപേക്ഷ നൽകിയാൽ മതിയാകും. ഏതിലേക്കാണ് താൽപര്യമെന്നത് അപേക്ഷയിൽ വ്യക്തമാക്കിയാൽ മതി.
നവംബറില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ്, ഡിസംബറില്‍ നടക്കുന്ന ഫിഫ അറബ് കപ്പ് ടൂർണമെന്റുകളിലെ 20 പ്രവർത്തന മേഖലകളിലായി 30 തസ്തികകളിലേക്കാണ് 4,000 പേരെ തേടുന്നത്. ടൂര്‍ണമെന്റ്, മീഡിയ ഓപ്പറേഷന്‍സ്, കാണികള്‍ക്കുള്ള സേവനം, അക്രഡിറ്റേഷന്, ഹോസ്പിറ്റാലിറ്റി ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായാണ് സേവനം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിദഗ്ധ പരിശീലനം, വൊളന്റിയര്‍ യൂണിഫോം, ജോലി സമയങ്ങളില്‍ ഭക്ഷണം, വേദികളിലേക്ക് സൗജന്യ യാത്ര എന്നീ ആനുകൂല്യങ്ങൾക്ക് പുറമേ ലിമിറ്റഡ് എഡിഷന് ഗിഫ്റ്റുകളും സ്മരണികകളും സ്വന്തമാക്കാം.
∙ യോഗ്യതകൾ, നിബന്ധനകള്‍
അപേക്ഷകര്‍ 18 വയസ്സ് പൂർത്തിയായ ഖത്തര്‍ റസിഡന്റ് ആയിരിക്കണം. ഇംഗ്ലിഷില്‍ പ്രാവീണ്യം. അറബിക് ഭാഷ അഭികാമ്യം. തിരഞ്ഞെടുക്കപ്പെട്ടാല്‍ പരിശീലനം നല്‍കും. വൊളന്റിയർ സേവനത്തിൽ മുന്‍ പരിചയം നിര്‍ബന്ധമില്ല. ടീം വര്‍ക്കില്‍ താല്പര്യമുള്ളവരും സൗഹൃദ മനോഭാവമുള്ളവരുമായിരിക്കണം.
ജൂണിലാണ് തിരഞ്ഞെടുപ്പ്. ലുസെയ്ല്‍ സ്റ്റേഡിയത്തിലെ വൊളന്റിയര്‍ റിക്രൂട്ട്മെന്റ് സെന്ററിലാണ് അഭിമുഖം. ഖത്തറില്‍ മുന്‍പ് നടന്ന ഫിഫ ഇവന്റുകളില്‍ വൊളന്റിയര്‍ ആയി പ്രവർത്തിച്ചവരെ അഭിമുഖത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റജിസ്ട്രേഷൻ ലിങ്ക്:https://volunteer.fifa.com/invite/qatar2025
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)