വിമാനത്താവളത്തിലെ കാത്തിരിപ്പ് ഒഴിവാക്കാം; യുഎഇയില്‍ ലഗേജുകൾ ഇനി വീട്ടിലെത്തിക്കും
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ലഗേജുകൾ ഇനി നേരെ വീട്ടിലെത്തും. യാത്രക്കാരുടെ താമസയിടങ്ങളിലേക്ക് നേരിട്ടെത്തിക്കാൻ പുതിയ സേവനവുമായി മർഹബയുണ്ട്. എമിറേറ്റ്സിന്റെ യാത്രാ, വിമാനത്താവള സേവന വിഭാഗമായ ഡനാറ്റയുടെ ഭാഗമാണ് മർഹബ. ബാഗേജ് ടെക്നോളജി ആൻഡ് ലോജിസ്റ്റിക്സ് കമ്പനിയായ ഡിയുബിഇസഡുമായി ചേർന്നാണ് ലഗേജ് സേവനങ്ങൾ വിപുലീകരിക്കുക. ഡിയുബിഇസഡിന്റെ മൂന്ന് പ്രധാനപ്പെട്ട സേവനങ്ങളാണ് മർഹബ വാഗ്ദാനം ചെയ്യുന്നത്. ചെക്ക് – ഇന്‍ എനിവേറാണ് ആദ്യത്തെ സേവനം. ദുബായിൽനിന്ന് പുറപ്പെടുന്ന യാത്രക്കാർക്ക് തങ്ങളുടെ ലഗേജുകൾ വീട്ടിൽനിന്നോ ഹോട്ടലിൽനിന്നോ ചെക്ക് ഇൻ ചെയ്യാൻ അവസരമൊരുക്കുന്നതാണ് ചെക്ക് – ഇൻ എനിവേര്‍. ഇതില്‍ ചെക്ക് – ഇൻ ഏജന്റുമാർ ബോർഡിങ് പാസുകൾ നൽകുകയും ലഗേജുകൾ സുരക്ഷിതമായി വിമാനത്താവളത്തിൽ എത്തിക്കുകയും ചെയ്യും. ലാന്‍ഡ് ആന്‍ഡ് ലീവ് ആണ് രണ്ടാമത്തെ സേവനം. വിമാനത്താവളത്തിൽ വന്നിറങ്ങിക്കഴിഞ്ഞാൽ ലഗേജിനായുള്ള കാത്തിരിപ്പ് ഒഴിവാക്കും. മണിക്കൂറുകൾക്കുള്ളില്‍ യാത്രക്കാരന്റെ താമസസ്ഥലത്ത് എത്തിക്കുന്നതാണ് ലാൻഡ് ആൻഡ് ലീവെന്ന സേവനം. ബാഗേജ് സ്റ്റോറേജ് ആൻഡ് ഡെലിവറി ആണ് മൂന്നാമത്തെ സേവനം. ലഗേജുകൾ സുരക്ഷിതമായി സൂക്ഷിക്കുകയും ആവശ്യമെങ്കിൽ അതേ ദിവസം തന്നെയുള്ള ഡെലിവറിയുമാണ് ബാഗേജ് സ്റ്റോറേജ് ആൻഡ് ഡെലിവറി. സേവനങ്ങൾക്ക് marhabaservices.com മുഖേന അപേക്ഷിക്കാം. വിമാനത്താവളങ്ങളിലെ നീണ്ട കാത്തിരിപ്പ് ഒഴിവാക്കാൻ തങ്ങളുടെ ലഗേജുകൾ മുൻകൂട്ടി പരിശോധിക്കാനും അവ ആവശ്യാനുസരണം താമസ സ്ഥലങ്ങളിൽ ലഭിക്കാനുമാണ് കൂടുതൽ പേരും താത്പര്യപ്പെടുന്നതെന്ന് യുഎഇ എയർപോർട്ട് ഓപ്പറേഷൻസ് ഡിവിഷണൽ സീനിയർ വൈസ് പ്രസിഡന്റ് ജാഫർ ദാവൂദ് പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)