ഖത്തറില്‍ തൊഴിൽ മന്ത്രാലയം ഫീസിളവ്; മന്ത്രിസഭയുടെ അംഗീകാരം
ദോഹ: സ്വകാര്യമേഖലയിലെ തൊഴിൽ പെർമിറ്റ്, തൊഴിലാളി നിയമനം, സീൽ സർട്ടിഫിക്കേഷൻ ഉൾപ്പെടെ രേഖകളിൽ ഫീസിൽ ഇളവുനൽകാനുള്ള തൊഴിൽ മന്ത്രാലയം നിർദേശത്തിന് മന്ത്രിസഭയുടെ അംഗീകാരം.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുടെ അധ്യക്ഷതയിൽ അമിരി ദിവാനിൽ ചേർന്ന മന്ത്രിസഭ യോഗമാണ് സ്വകാര്യമേഖലയിലെ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും സാമ്പത്തിക ഭാരം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ തൊഴിൽ മന്ത്രാലയം തയാറാക്കിയ കരട് പ്രമേയത്തിന് അംഗീകാരം നൽകിയത്. ഏതെല്ലാം വിഭാഗങ്ങളിലെ ഫീസുകളിലാണ് ഇളവ് പ്രാബല്യത്തിൽ വരുന്നതെന്ന് തൊഴിൽ മന്ത്രാലയം പ്രഖ്യാപിക്കും.
കള്ളപ്പണം, ഭീകരവാദ ധനസഹായം എന്നിവക്കെതിരായ നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യാനും മന്ത്രിസഭ അംഗീകാരം നൽകി. ഇതുസംബന്ധിച്ച കരട് നിയമം ശൂറ കൗൺസിലിന്റെ പരിഗണനക്കായി കൈമാറാനും തീരുമാനിച്ചു. കള്ളപ്പണം വെളുപ്പിക്കലും ഭീകരവാദ ധനസഹായവും തടയുന്നതിനുള്ള ദേശീയസമിതിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ചുമതലകൾ നിർവഹിക്കുന്നതിനുമുള്ള ഫലപ്രാപ്തി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കരട് നിയമം തയാറാക്കിയത്.
2019 ലെ കാബിനറ്റ് പ്രമേയം നമ്പർ 41 പ്രകാരം പുറപ്പെടുവിച്ച നിയമത്തിലെ ചട്ടങ്ങളിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്ത് കൂടുതൽ കർക്കശനമാക്കുന്നതാണ് കരട് നിർദേശം. പൊതുനികുതി വിഭാഗം തയാറാക്കിയ കരട് നിർദേശവും മന്ത്രിസഭ യോഗം അംഗീകരിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)