ഇതാ അവസരം; യുഎഇയിൽ യാത്രാ, ടൂറിസം മേഖലയിൽ തൊഴിലവസരങ്ങൾ വർധിക്കും
യു.എ.ഇയിലെ യാത്ര, ടൂറിസം മേഖലയിൽ ഈ വർഷം 26,400 അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ റിപ്പോർട്ട്. അന്താരാഷ്ട്ര സന്ദർശകരുടെ ചെലവഴിക്കൽ രാജ്യത്ത് റെക്കോഡ് നിലവാരത്തിലെത്തുമെന്നും കൗൺസിൽ പ്രവചിക്കുന്നുണ്ട്. ഈ വർഷത്തെ തൊഴിലവസരങ്ങളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ 2.9 ശതമാനം കൂടുതലായിരിക്കുമെന്നും ഓക്സ്ഫർഡ് ഇക്കണോമിക്സുമായി സഹകരിച്ച് കൗൺസിൽ നടത്തിയ ഏറ്റവും പുതിയ സാമ്പത്തിക ആഘാത ഗവേഷണ റിപ്പോർട്ടിൽ പറയുന്നു.യാത്രയുടെയും ടൂറിസത്തിന്റെയും കാര്യത്തിൽ യു.എ.ഇയെ സംബന്ധിച്ചിടത്തോളം 2024 ഒരു റെക്കോഡ് വർഷമായിരുന്നു. കോവിഡിന് മുമ്പുള്ള 2019ലെ നേട്ടത്തെയും മറികടക്കുന്നതായിരുന്നു അത്. 2025ൽ യു.എ.ഇയിലെ അന്താരാഷ്ട്ര സഞ്ചാരികളുടെ ചെലവഴിക്കൽ വർഷംതോറും 5.2 ശതമാനം വർധിച്ച് 228.5 ശതകോടി ദിർഹം എന്ന റെക്കോഡ് മൂല്യത്തിലെത്തുമെന്ന് കൗൺസിലിൻറെ ഡേറ്റ സൂചിപ്പിക്കുന്നുണ്ട്. അതേസമയം, ഈ വർഷം രാജ്യത്തെ ആഭ്യന്തര സഞ്ചാരികളുടെ ചെലവ് 60 ശതകോടി ദിർഹത്തിലെത്തും. 2024നെ അപേക്ഷിച്ച് 4.3 ശതമാനവും 2019നെ അപേക്ഷിച്ച് 47 ശതമാനവും കൂടുതലാണിത്. 2025ന്റെ ആദ്യ മാസങ്ങളിൽ വിനോദസഞ്ചാര മേഖലയിൽ രാജ്യത്ത് മികച്ച നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.
എല്ലാ എമിറേറ്റുകളും വിനോദ സഞ്ചാര സീസൺ ലക്ഷ്യമാക്കി വിവിധ കാമ്പയിനുകളും മറ്റും ഒരുക്കിവരുന്നുമുണ്ട്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻറെ യു.എ.ഇയിലെ സന്ദർശനവും ഇത്തിഹാദ് എയർവേഴ്സ് 28 പുതിയ ബോയിങ് വിമാനങ്ങൾ വാങ്ങാൻ കരാർ ഒപ്പുവെച്ചതും യാത്രമേഖലയുടെ വളർച്ചക്ക് സഹായകമാകുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. അബൂദബിയിലെ അഞ്ച് വിമാനത്താവളങ്ങളിലായി 2024ൽ എത്തിയ യാത്രികരുടെ എണ്ണം റെക്കോഡ് നേട്ടത്തിലെത്തിയിരുന്നു. 2.94 കോടി യാത്രികരാണ് 2024ൽ അബൂദബിയിലെ വിമാനത്താവളങ്ങളിലെത്തിയത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 28 ശതമാനത്തിന്റെ വർധനയാണ്. സായിദ് അന്താരാഷ്ട്ര വിമാനത്താവളമാണ് ഈ വളർച്ചക്ക് പിന്നിലെ പ്രധാന ഘടകം. 28.8 കോടി യാത്രികരാണ് സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാത്രം 2024ൽ എത്തിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)