യുഎഇയിൽ കടലിൽ രണ്ടിടത്ത് അപകടം; 16 പേരെ രക്ഷപ്പെടുത്തി
യു.എ.ഇയുടെ സമുദ്രാതിർത്തിയിലുണ്ടായ രണ്ട് അപകടങ്ങളിലായി 16 പേരെ രക്ഷപ്പെടുത്തി നാഷനൽ ഗാർഡ്. മുങ്ങിക്കൊണ്ടിരുന്ന ചരക്കുകപ്പലിൽനിന്ന് പരിക്കേറ്റ മൂന്ന് നാവികരെയാണ് ആദ്യം രക്ഷപ്പെടുത്തിയത്. തുടർന്ന് തീരത്ത് മുങ്ങിക്കൊണ്ടിരുന്ന പിക്നിക് ബോട്ടിൽനിന്ന് 13 പേരെയും രക്ഷപ്പെടുത്തിയതായി നാഷനൽ ഗാർഡ് ഞായറാഴ്ച അറിയിച്ചു. ആദ്യ സംഭവത്തിൽ രക്ഷപ്പെട്ട മൂന്നുപേരും ഏഷ്യൻ പൗരന്മാരാണ്. നാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ സെന്ററുമായും യു.എ.ഇ കോസ്റ്റ് ഗാർഡുമായും സഹകരിച്ചാണ് നാഷനൽ ഗാർഡ് രക്ഷാപ്രവർത്തന ദൗത്യത്തിന് നേതൃത്വം നൽകിയത്. മൂന്നുപേരെയും പിന്നീട് ബോട്ടുകളിൽ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോയി.
കപ്പൽ അപകടത്തിൽപെട്ടതിൻറെ കാരണം അറിവായിട്ടില്ല. രക്ഷാപ്രവർത്തനം നടന്ന സ്ഥലവും നാഷനൽ ഗാർഡ് വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, രാജ്യത്തിന്റെ സമുദ്രാതിർത്തിയിലാണ് സംഭവമെന്ന് മാത്രമാണ് വെളിപ്പെടുത്തിയിട്ടുള്ളത്. നൂതന സംവിധാനങ്ങളുപയോഗിച്ച് രക്ഷാപ്രവർത്തകർ കൃത്യമായി സ്ഥലത്തെത്തി പരിക്കേറ്റ യാത്രക്കാരെ പുറത്തെത്തിക്കുകയായിരുന്നു. രക്ഷപ്പെടുത്തിയവർക്ക് സ്ഥലത്തുതന്നെ ഉടനടി വൈദ്യസഹായം നൽകി. തുടർന്ന് കൂടുതൽ ചികിത്സക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.പൗരന്മാരും താമസക്കാരും ഉൾപ്പെടെ സഞ്ചരിച്ച പിക്നിക് ബോട്ടിൽനിന്ന് അപകട സിഗ്നൽ ലഭിച്ചതിനെത്തുടർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ദേശീയ അടിയന്തര പ്രതിസന്ധി, ദുരന്തനിവാരണ അതോറിറ്റി എന്നിവയുടെ പിന്തുണയോടെയാണ് നാഷനൽ ഗാർഡ് പ്രവർത്തിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)