Posted By user Posted On

ഒരു ലക്ഷത്തിന്റെ സ്വർണമാല കള്ളന്‍ കൊണ്ടുപോയോ? 900000 രൂപയോളം നഷ്ടപരിഹാരം നേടാം; ഈ സ്വർണ്ണ ഇന്‍ഷൂറന്‍സ് പദ്ധതിയെക്കുറിച്ച് അറിഞ്ഞിരിക്കണം

സ്വർണ വില റെക്കോർഡുകള്‍ ഭേദിച്ചുകൊണ്ടിരിക്കുന്ന സമയത്ത് തന്നെ രാജ്യത്തെ സ്വർണ്ണ ഇന്‍ഷൂറന്‍സ് പദ്ധതികളില്‍ ചേരുന്നവരുടെ എണ്ണത്തിലും വർധനവ്. സ്വർണാഭരണങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ സംഭവിക്കുക, മോഷ്ടിക്കപ്പെടുക തുടങ്ങിയ സാഹചര്യങ്ങളില്‍ ഇന്‍ഷൂറന്‍സ് പോളിസി ഉടമകള്‍ക്ക് മികച്ച രീതിയില്‍ കവറേജ് നല്‍കുന്ന നിരവധി സ്കീമുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇന്ത്യയിലെ ഗാർഹിക മേഖലയിലെ സ്വർണത്തിന്റെ അളവ് ഏകദേശം 25000 ടണ്ണിലെത്തിയെന്നാണ് അടുത്തിടെ എച്ച് എസ് ബി സി പുറത്തിറക്കിയ ഒരു റിപ്പോർട്ടില്‍ പറയുന്നത്. ഇത് ലോകത്തെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന 10 കേന്ദ്രബാങ്കുകളുടെ ആകെ സ്വർണശേഖരത്തിന്റെ അളവിനേക്കാളും കൂടുതലാണ്. എന്നാല്‍ ഇത്രയും സ്വർണം വീടുകളില്‍ സൂക്ഷിക്കുന്ന രാജ്യത്ത് സ്വർണം ഇന്‍ഷൂർ ചെയ്യുന്നവരുടെ എണ്ണം നാമമാത്രമാണെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്.
സാധരണഗതിയില്‍ വീടുകള്‍ക്കായുള്ള മൊത്തത്തിലുള്ള ഇന്‍ഷൂറന്‍സല്‍ സ്വർണത്തിനുള്ള കവറേജും ഉള്‍പ്പെടുമെങ്കിലും ആകെ ഇൻഷുറൻസ് കവറേജിന്റെ 15 ശതമാനം തുക മാത്രമേ സ്വർണത്തിന് ലഭിക്കുകയുള്ളൂ എന്നതാണ് പ്രധാന പോരായ്മ. ഈ സാഹചര്യത്തിലാണ് പല കമ്പനികളും സ്വർണ്ണത്തിന് മാത്രമായുള്ള പ്രത്യേക ഇന്‍ഷൂറന്‍സ് കവറേജുകള്‍ അവതരിപ്പിക്കുന്നത്.
വിവിധ ജ്വല്ലറി ബ്രാന്‍ഡുകള്‍ ഇന്‍ഷൂറന്‍സ് കമ്പനികളുമായി സഹകരിച്ച് കുറഞ്ഞ നിരക്കില്‍ സമഗ്രമായ ഗോള്‍ഡ് ഇന്‍ഷൂറന്‍സ് കവറേജുകള്‍ നല്‍കുന്നു. സ്വർണ്ണം വാങ്ങുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് ഇത്തരം ഇന്‍ഷൂറന്‍സുകള്‍ എടുക്കാവുന്നതാണ്. പ്രധാനമായും പ്രകൃതിക്ഷോഭവങ്ങള്‍ തീ പിടുത്തം, മോഷണം, കലാപങ്ങള്‍, വാഹനാപകടങ്ങള്‍ എന്നിവ കാരണം വരുന്ന നഷ്ടങ്ങള്‍ക്കായിരിക്കും നഷ്ടപരിഹാരം ലഭിക്കുക.
സ്വർണത്തിന്റെ ആകെ മൂല്യത്തിന്റെ 95 ശതമാനം വരെ നഷ്ടപരിഹാരം ലഭിക്കുന്ന ഇന്‍ഷൂറന്‍സ് കവറേജുകള്‍ ഇന്ന് ലഭ്യമാണ്. അതേസമയം പണിക്കൂലി, നികുതി എന്നിവ ഒഴിവാക്കിയുള്ള തുകതയായിരിക്കും ഇന്‍ഷൂറന്‍സ് കവറേജായി ലഭിക്കുക. അതായത് ഒരു ലക്ഷം രൂപയുടെ സ്വർണം മോഷണം പോയാലോ നഷ്ടപ്പെട്ടാലോ ഏകദേശം 90000 രൂപയോളം നഷ്ടപരിഹാരമായി ലഭിക്കും. സ്വർണം വില്‍ക്കുക, ഏതെങ്കിലും നടപടികളുടെ ഭാഗമായി സർക്കാർ സ്വർണ്ണം പിടിച്ചെടുക്കല്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ നഷ്ടപരിഹാരം ലഭിക്കില്ല. ജ്വല്ലറി ഇൻഷുറൻസ്, ഗോൾഡ് ലോൺ ഇൻഷുറൻസ്, ജ്വല്ലേഴ്സ് ബിസിനസ് ഇൻഷുറൻസ്, ബാങ്ക് ലോക്കർ ഇൻഷുറൻസ് എന്നീ വിവിധ പേരുകളിലായി സ്വർണ്ണം ഇന്‍ഷൂർ ചെയ്യാന്‍ സാധിക്കും.
സാധാരണഗതിയില്‍ സ്വർണത്തിന്റെ മൊത്തം മൂല്യത്തിന്റെ ഒന്ന് മുതല്‍ രണ്ട് ശതമാനം വരെയായിരിക്കും ഇന്‍ഷൂറന്‍സ് തുക. ഒരു ലക്ഷം രൂപയുടെ സ്വർണം വാങ്ങുമ്പോള്‍ 1000-2000 രൂപവരെ ഇന്‍ഷൂറന്‍സിനായി നല്‍കേണ്ടി വരും. ഇന്‍ഷൂറന്‍സ് നല്‍കുന്ന ഏജന്‍സികളെ സംബന്ധിച്ച് തുക വ്യത്യാസപ്പെട്ട് കിടിക്കും. ഇന്‍ഷൂർ ചെയ്യുന്ന സമയത്ത് ഏജന്‍സി മുന്നോട്ട് വെക്കുന്ന നിബന്ധനകള്‍ കൃത്യമായി വായിച്ച് മനസ്സിലാക്കേണ്ടതാണ്.
സ്വർണം നഷ്ടപ്പെട്ടാല്‍ അതിന്റെ നഷ്ടപരിഹാരം ലഭിക്കാനായി ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. മോഷ്ടിക്കപ്പെടുകയാണെങ്കില്‍ ആദ്യം തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പോയി പരാതി കൊടുക്കുകയാണ് വേണ്ടത്. ഇൻഷുറൻസിന് ക്ലെയിം ചെയ്യണമെങ്കിൽ എഫ് ഐ ആറിന്റെ കോപ്പി നിർബന്ധമാണ്. ഇതിന് പുറമെ അന്വേഷണ റിപ്പോർട്ടും സ്വർണം വാങ്ങിയ ബില്ലും വേണ്ടി വരും. അതായത് സ്വർണ്ണം വാങ്ങുമ്പോഴത്തെ ബില്ല് എല്ലാം തന്നെ സൂക്ഷിച്ച് വെക്കേണ്ടത് പ്രധാനമാണ്. തീപിടിത്തം മൂലമാണെങ്കിൽ അഗ്നിശമനസേനയുടെ റിപ്പോർട്ടായിരിക്കും വേണ്ടി വരിക. വീട്ടിൽ ധാരാളം ആഭരണങ്ങളുള്ളവർക്കും യാത്ര ചെയ്യുന്നവർക്കുമായിരിക്കും പ്രധാനമായും ഇത്തരം ഇന്‍ഷൂറന്‍സുകള്‍ സഹായകരമാകുക. അതോടൊപ്പം തന്നെ ഇന്‍ഷൂറന്‍സ് ചെയ്ത ആഭരണം മാറ്റി വാങ്ങിയാല്‍ നഷ്ടപരിഹാരം ലഭിക്കില്ലെന്നുള്ളത് പ്രത്യേകം ഓർക്കുക. മാറ്റി വാങ്ങിയാല്‍ വേറെ ഇന്‍ഷൂറന്‍സ് എടുക്കണം. യഥാർഥ മൂല്യം വെളിപ്പെടുത്തിയില്ലെങ്കിലും പിന്നീട് ക്ലെയിം നിരസിക്കപ്പെടാം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version