പ്രവാസികളെ വലച്ച് നോർക്കയുടെ പുതിയ വെബ്സൈറ്റ്; ഉപഭോക്തൃ സൗഹൃദമല്ലെന്ന് പരാതി
നോർക്ക റൂട്ട്സ് പുറത്തിറക്കിയ പുതിയ വെബ്സൈറ്റ് ഉപഭോക്തൃ സൗഹൃദമല്ലെന്ന് പ്രവാസികൾ. കഴിഞ്ഞ ഒന്നരമാസം മുമ്പ് പുറത്തിറക്കിയ സൈറ്റാണ് ഉപയോഗിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നത്. പുതിയ അംഗത്വ കാർഡ് എടുക്കുന്നതിനും കാർഡുകൾ പുതുക്കുന്നതിനും രണ്ട് ഒ.ടി.പി സംവിധാനം ഏർപ്പെടുത്തിയത് ഏറെ പ്രയാസത്തിലാക്കുന്നുണ്ട്. ഒ.ടി.പി ഒന്ന് മെയിൽ വഴിയും മറ്റൊന്ന് മൊബൈൽ നമ്പർ വഴിയുമാണ് ലഭിക്കുക. മെയിൽ സംവിധാനങ്ങൾ ഉപയോഗിക്കാനറിയാത്ത പലർക്കും ഇതൊരു ബാധ്യതയായി തന്നെ മാറിയിട്ടുണ്ട്. കൂടാതെ നിലവിലുണ്ടായിരുന്ന ഫീസ് ഇനത്തിൽ 10 ശതമാനത്തിൻറെ വർധനവും നോർക്ക ഏർപ്പെടുത്തിയിട്ടുണ്ട്. 315 രൂപയായിരുന്ന ഫീസ് 408 രൂപയായാണ് ഉയർന്നത്. യൂസർ ഐ.ഡി പാസ്വേർഡ് മറന്നുപോയവർക്ക് പുതിയ സൈറ്റ് വഴി അക്കൗണ്ട് വീണ്ടെടുക്കാൻ ശ്രമിക്കുന്നവർക്കും പ്രയാസമനുഭവപ്പെടുന്നു എന്നാണ് മറ്റൊരു പരാതി. കഴിഞ്ഞ 18 വർഷത്തിനിടയിൽ ഇതുപോലുള്ള അനുഭവങ്ങൾ ആദ്യമായെന്നാണ് പ്രവാസികളുടെ ആരോപണം.സാധാരണ ഏത് ഇൻഷുറൻസുകൾക്കും ക്ലെയിം ചെയ്യുന്ന സമയത്ത് അക്കൗണ്ട് ഡീറ്റെയിൽസ് നൽകിയാൽ മതിയായിരുന്നു. എന്നാൽ, നിലവിലെ അപ്ഡേഷനിൽ പുതിയ അംഗത്വമെടുക്കുമ്പോഴോ പുതുക്കുമ്പോഴോ എൻ.ആർ.ഒ അക്കൗണ്ട് നമ്പർ ആവശ്യപ്പെടുന്നുണ്ട്. പ്രവാസികളിൽ പലർക്കും എൻ.ആർ.ഐ അക്കൗണ്ടുകളാണുള്ളത്. ഈ തീരുമാനവും പലർക്കും ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് വാസ്തവം.കൂടാതെ നോർക്ക ഹെൽപ് ഡെസ്കുമായി ബന്ധപ്പെടാൻ വാട്സ് ആപ്പ് സംവിധാനമില്ലാത്തതും പ്രവാസികൾക്ക് സംശയനിവാരണം കടുപ്പമാക്കുന്നുണ്ട്. ഇന്ത്യൻ നമ്പറിൽ വിളിക്കാൻ മതിയായ റീചാർജോ സംവിധാനമോ പ്രവാസികളിൽ ഉണ്ടായിരിക്കണം. നോർക്ക കാർഡുള്ള അംഗങ്ങൾക്ക് അപകട മരണത്തിന് അഞ്ച് ലക്ഷം രൂപയും അപകടത്തെത്തുടർന്നുള്ള ചികിത്സക്ക് മൂന്ന് ലക്ഷം രൂപയുമാണ് ഇൻഷുറൻസ് ലഭിക്കുക. സാധാരണ മരണങ്ങൾ കൂടി ഇൻഷുറൻസിൽ ഉൾപ്പെടുത്തണമെന്നുള്ളത് ഏറെ നാളത്തെ പ്രവാസികളുടെ ആവശ്യമാണെങ്കിലും ഇന്നുവരെ നോർക്ക അതിനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല. 2019ൽ മുഖ്യമന്ത്രി എയർ ഇന്ത്യയുമായി സഹകരിച്ച്, അന്യരാജ്യത്ത് മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പദ്ധതികൾ നടപ്പാക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അതും വാഗ്ദാനം മാത്രമായി തുടരുകയാണ്. നിലവിൽ ലോകത്താകമാനമുള്ള മലയാളി പ്രവാസികളിൽ ചെറിയ ശതമാനം ആൾക്കാർ മാത്രമേ കാർഡ് അംഗത്വം എടുത്തിട്ടുള്ളൂ എന്നതും വസ്തുതയാണ്. ഈ അവസരത്തിൽ പ്രവാസി സൗഹൃദ സംവിധാനങ്ങളൊരുക്കി അവർക്ക് അവബോധം നൽകുന്നതിനുപകരം ബുദ്ധിമുട്ടിക്കുന്ന പ്രവണത നോർക്ക അധികൃതർ മാറ്റണമെന്നാണ് ആവശ്യം. കൂടാതെ ബഹ്റൈനിലടക്കമുള്ള പ്രവാസികളെ നോർക്ക ബോർഡ് ഡയറക്ടർ ബോർഡിൽ പരിഗണിക്കാത്തത് വ്യക്തി സ്ഥിരീകരണങ്ങൾക്കും നോർക്കയുമായുള്ള ഇടപെടലുകൾക്കും പ്രവാസികൾക്ക് മറ്റു വഴികൾ ആശ്രയിക്കേണ്ട അവസ്ഥയും നിലവിലുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)