ഓൺലൈനിൽ ഈ പരിപാടി വേണ്ട; അഞ്ചുവർഷം തടവും ഒരുകോടി രൂപ പിഴയും, മുന്നറിയിപ്പുമായി യുഎഇ
ഓൺലൈനിൽ രാജ്യത്തിന്റെ സൽപ്പേരിന് കളങ്കം വരുത്തുന്ന പ്രവൃത്തികൾ ചെയ്യരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ച് അബുദാബി ജുഡീഷ്യൽ വകുപ്പ്. അപ്രകാരം പ്രവർത്തിക്കുന്നവർക്ക് ജയിൽ വാസം അനുഭവിക്കേണ്ടി വരുമെന്നും കനത്ത പിഴയൊടുക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി.രാജ്യത്തിന്റെയോ അധികാരികളുടെയോ സ്ഥാപനങ്ങളുടെയോ പ്രശസ്തി, അന്തസ് അല്ലെങ്കിൽ പദവിയെ പരിഹസിക്കുകയോ ദോഷം വരുത്തുകയോ ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ചെയ്യുന്ന പ്രവൃത്തികളെയാണ് ജുഡീഷ്യൽ വകുപ്പ് ചൂണ്ടിക്കാട്ടിയത്. വെബ്സൈറ്റുകളിലോ വിവര ശൃംഖലയിലോ സാങ്കേതിക മാർഗങ്ങളിലോ വിവരങ്ങൾ, വാർത്തകൾ, ഡാറ്റ, ദൃശ്യ ചിത്രങ്ങൾ, ദൃശ്യ സാമഗ്രികൾ, അഭ്യൂഹങ്ങൾ തുടങ്ങിയവ പ്രസിദ്ധീകരിക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവും 500,000 ദിർഹത്തിൽ കൂടാത്ത പിഴയും (ഒരു കോടിയോളം രൂപ) ലഭിക്കുമെന്ന് ജുഡീഷ്യൽ വകുപ്പ് അറിയിച്ചു. 2021ലെ ഫെഡറൽ ലോ നമ്പർ (34) ലെ ആർട്ടിക്കിൾ (25) പ്രകാരമാണ് നടപടി സ്വീകരിക്കുന്നത്.അഭ്യൂഹങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നതിനെതിരെ ഏപ്രിൽ 12ന് അബുദാബി പൊലീസ് മുന്നറിയിപ്പ് പുറത്തിറക്കിയിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ വിവരങ്ങൾ പങ്കുവയ്ക്കുന്നതിന് മുൻപ് അവ യഥാർത്ഥമാണോയെന്ന് പരിശോധിക്കണം. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും പൊലീസ് നിർദേശിച്ചു. രാജ്യത്തിന്റെ സഹിഷ്ണുതയ്ക്കും സഹവർത്തിത്വ നയത്തിനും വിരുദ്ധമായ സാമൂഹിക വിരുദ്ധവും അധാർമികവുമായ ഉള്ളടക്കം സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന യുഎഇ നിവാസികൾ 10 ലക്ഷം ദിർഹം വരെ പിഴയും തടവും നേരിടേണ്ടിവരുമെന്ന് നിയമ വിദഗ്ദ്ധർ പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)