‘ഇവൾ ജീവിക്കാൻ സാധ്യത കുറവാണ്’, ജനിച്ച ഉടൻ കുഞ്ഞിനെ എടുത്ത് നഴ്സുമാർ ഓടി; ആയിരങ്ങൾക്ക് പ്രചോദനമേകാൻ ഖത്തറിലെ ഈ മലയാളി പെൺകുട്ടി
ദോഹ/കോട്ടയം ∙ ഇന്ന് ദോഹയിലെ വേദികളിൽ മുഴങ്ങി കേൾക്കുന്ന ഒരു ശബ്ദമുണ്ട്-ഒരു 13 കാരിയുടെ. ആയിരങ്ങൾക്ക് പ്രചോദനമേകാൻ ഈ മലയാളി പെൺകുട്ടിയുടെ ജീവിതം തന്നെ ധാരാളം. അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് തുടങ്ങിയതാണ് ഇവളുടെ അതിജീവനം. അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു. അമ്മയുടെ ഉദരത്തിൽ അഞ്ച് മാസം പൂർത്തിയാക്കി, ആറാം മാസത്തിന്റെ ആദ്യദിനം അവൾ പിറന്നു വീണു-നതാനിയ ലലാ വിപിൻ. ‘ഇവൾ ജീവിക്കാൻ സാധ്യത കുറവാണ്. ഞങ്ങളെ കൊണ്ട് കഴിയുന്നത് എല്ലാം ഞങ്ങൾ ചെയ്യും. പക്ഷേ…’ ഇതായിരുന്നു കുഞ്ഞ് നതാനിയയെ നോക്കി ഡോക്ടർമാർ പറഞ്ഞത്. മാസം തികയാതെയുള്ള ജനനം അവൾക്കായി കരുതിവച്ചത് ഒട്ടേറെ പ്രതിസന്ധികളായിരുന്നു. സെറിബ്രൽ പാൾസി എന്ന ശാരീരിക വൈകല്യം തന്റെ ജീവിതത്തെ പിടിച്ചുകെട്ടാൻ നോക്കിയപ്പോൾ അതിന് മുന്നിൽ അത്ര വേഗം അടിയറവ് പറയാൻ ഖത്തറിലെ ഈ പെൺകുട്ടിക്ക് മനസ്സ് വന്നിരുന്നില്ല.
ഇന്ന് തന്റെ പരിമിതികളെ നിശ്ചയദാർഢ്യംകൊണ്ട് തോൽപ്പിക്കുകയാണിവൾ. കോട്ടയം ജില്ലയിലെ മുണ്ടക്കയം ഏന്തയാർ സ്വദേശിയും ഖത്തർ പ്രവാസിയുമായ വിപിൻ തമ്പാൻ റോയ്- നീതു വിപിൻ ദമ്പതികളുടെ മകളാണ് നതാനിയ. ജനനം മുതൽ തുടങ്ങിയ പോരാട്ടമാണ് നതാനിയയുടെ അതിജീവനം.
ജീവിക്കാൻ സാധ്യത തീരെ കുറവാണെന്ന് ഡോക്ടർമാർ വിധിയെഴുതി. പക്ഷേ അത്രവേഗം തോറ്റു കൊടുക്കാൻ കുഞ്ഞ് നതാനിയയ്ക്ക് കഴിഞ്ഞില്ല. രണ്ട് മാസം പ്രാസമായപ്പോഴേക്കും ഡോക്ടർമാർ അവർ പറഞ്ഞ വാക്കുകൾ തിരിച്ചെടുത്തു. ഇവൾ അതിജീവിക്കും, പോരാടും. ജീവിക്കണം എന്ന ആഗ്രഹം ഇവളിൽ തന്നെയുണ്ട്. ജനിച്ചു വീണത് നേരെ അമ്മയുടെ കൈകളിലേക്കല്ല, ഇൻകുബേറ്ററിലേക്കാണ്.
അമ്മയുടെയും അച്ഛന്റെയും ചൂട് പറ്റി ഉറങ്ങാൻ കുഞ്ഞ് നതാനിയയ്ക്ക് നാല് മാസം കാത്തിരിക്കേണ്ടി വന്നു. 13 വർഷം മുൻപ് പിറന്ന് വീഴുമ്പോൾ 650 ഗ്രാം മാത്രം തൂക്കം, പൂർണ്ണവളർച്ചയെത്തിയിട്ടില്ല. താൻ ജന്മം നൽകിയ കുഞ്ഞിനെ കാണാൻ വേദനയോടെ അമ്മ നീതു ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിലെ എൻ.ഐ.സി.യുവിലേക്ക് ഓടി. രക്തം കട്ടപിടിച്ച നിറം, തീരെ കട്ടിയില്ലാത്ത നേർത്ത തൊലി.
ഇൻകുബേറ്ററിലെ ഓക്സിജൻ സഹായമില്ലാതെ ശ്വാസമെടുക്കാൻ സാധിക്കില്ല. സങ്കടം പേറിയ മനസ്സുമായാണ് വിപിനും നീതുവും തന്റെ കൺമണിയെ നോക്കി നിന്നത്. കുഞ്ഞിന്റെ ജീവന് ഒരു ശതമാനം പോലും പ്രതീക്ഷ നൽകാൻ ഡോക്ടർമാർക്ക് കഴിയുമായിരുന്നില്ല. ജനിച്ചു വീണത് മുതലുള്ള ഓരോ നിമിഷവും സങ്കീർണതകളായിരുന്നു. കുഞ്ഞ് നതാനിയയുടെ ജീവൻ നിലനിർത്താൻ ഡോക്ടർമാർ പോരാട്ടത്തിലായിരുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
അങ്ങനെ കുഞ്ഞിനെ നോക്കാനായി ഒരാളെ നിയമിക്കാമെന്ന് വിപിനും നീതുവും തീരുമാനിച്ചു. ആഫ്രിക്കയിലെ ഗാന സ്വദേശിയായ നിക്കോ എന്ന യുവതി കുഞ്ഞിനെ നോക്കാൻ താത്പര്യം പ്രകടിപ്പിച്ചു. കുഞ്ഞിന്റെ പരിചരണത്തിനായി നീതുവിനോടും കുഞ്ഞിനോടും നിക്കോയുടെ വീട്ടിൽ തന്നെ തങ്ങാൻ അവർ ആവശ്യപ്പെട്ടു.
നിക്കോയുടെ അമ്മ എലിസബത്ത് ഒടോയിയാണ് കുഞ്ഞ് നതാനിയയെ പരിചരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്. നിങ്ങൾക്ക് ഇവൾ നതാനിയ ആയിരിക്കും പക്ഷേ എനിക്കിവൾ മവോന ആണ്. അവരുടെ ഭാഷയിൽ ‘മവോന’ എന്ന പേരിന് ‘ദൈവത്തിന്റെ സമ്മാനം’ എന്നാണ് അർഥം. ഇവർ നൽകിയ പരിചരണം വിപിനും നീതുവും ഏറെ സന്തോഷത്തോടെയും നന്ദിയോടും ഓർക്കുകയാണ്.
പിന്നീട് നാലാം വയസ്സിലാണ് നതാനിയ മാതാപിതാക്കൾക്കൊപ്പം നാട്ടിലെത്തുന്നത്. രണ്ട് വർഷത്തിന് ശേഷം ജോലി ആവശ്യത്തിനായി വിപിനും നീതുവിനും ഖത്തറിലേക്ക് മടങ്ങേണ്ടി വന്നു. ഇവരുടെ അച്ഛനമ്മമാരുടെ കരുതലിലാണ് നതാനിയ വളർന്നത്. അഞ്ചാം ക്ലാസ് വരെ നാട്ടിൽ തന്നെയായിരുന്നു പഠനം. മാസം തികയാതെയുള്ള ജനനവും ഇൻകുബേറ്റർ വാസവും നതാനിയയുടെ ശരീരത്തെ തളർത്തി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)