സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം കടുപ്പിക്കാന്‍ ഖത്തര്‍; ഇതിനായി അവാര്‍ഡും ഏര്‍പ്പെടുത്തി
ദോഹ: സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള ഖത്തര്‍ അവാര്‍ഡിന് മന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് അമീറിന്റെ കരട് തീരുമാനത്തിന് അംഗീകാരം നല്‍കിയത്.
വിഷന്‍ 2030 മൂന്നാമത് ദേശീയ വികസനപദ്ധതി എന്നിവയുടെ ഭാഗമായ രാജ്യത്തു ശക്തമായ തൊഴിലവസരം സൃഷ്ടിക്കുക എന്നതിന്റെ ഭാഗമാണ് ഈ പ്രോത്സാഹന പദ്ധതി. സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ തൊഴില്‍ പങ്കാളിത്തം നിര്‍ബന്ധമാക്കി കഴിഞ്ഞ വര്‍ഷം തൊഴില്‍മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. പ്രാഥമിക ഘട്ടത്തില്‍ ഉത്പാദന വ്യവസായം, ടൂറിസം, ഐടി, വിദ്യാഭ്യാസം,ആരോഗ്യ സംരക്ഷണം, ലോജിസ്റ്റിക്‌സ്, കൃഷി, ധനകാര്യം തുടങ്ങിയ എട്ട് മേഖലകളിലാണ് ഇപ്പോള്‍ സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചത്.
രാജ്യത്തെ ഭാവിയിലെ തൊഴില്‍ സുരക്ഷയെ ശക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യ മേഖലയിലും സ്വദേശി വത്കരണം ഖത്തര്‍ നടത്തുന്നത്. കൂടുതല്‍ തൊഴിലാവസരങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തെ വലിയ തോതില്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കാണ് ‘ഖത്തര്‍ അവാര്‍ഡ് ഫോര്‍ ലോക്കലൈസേഷന്‍ ഇന്‍ പ്രൈവറ്റ് സെക്ടര്‍ ‘എന്ന അവാര്‍ഡ് നല്‍കുക. തൊഴില്‍ സ്ഥാപനങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന സ്വദേശി തൊഴിലാളികള്‍ക്കും അവാര്‍ഡ് നല്‍കും.
Comments (0)