Posted By user Posted On

ഇനി സ്വര്‍ണം പണയംവച്ച് പണം എടുക്കാന്‍ ബുദ്ധിമുട്ടും; പുതിയ നിയമം പണിതരും

സ്വര്‍ണ പണയ മേഖലയില്‍ ശക്തമായ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു. വായ്പയിലൂടെ ലഭിക്കുന്ന പണം ഏതാവശ്യത്തിന് ഉപയോഗിക്കുന്നുവെന്നതു മുതല്‍ സ്വര്‍ണം സൂക്ഷിക്കുന്ന സാഹചര്യങ്ങള്‍ വരെ നിരീക്ഷിക്കുന്ന സമഗ്ര സംവിധാനം ഒരുക്കാനാണ് റിസര്‍വ് ബാങ്ക് പുതിയ കരട് നിര്‍ദേശം പുറത്തിറക്കിയത്. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍, ഭവന വായ്പാ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ചട്ടം ബാധകമാകും.

സ്വര്‍ണ പണയ വായ്പാ മേഖലയില്‍ റിസര്‍വ് ബാങ്ക് നടപടി ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കാന്‍ ഇടയുണ്ട്. ഇന്നലെ പ്രമുഖ എന്‍. ബി.എഫ്.സികളായ മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ് എന്നിവയുടെ ഓഹരികളില്‍ ഇതോടെ കനത്ത ഇടിവുണ്ടായി. ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് പലരും സ്വര്‍ണം വാങ്ങി കൂട്ടുന്നത്. അതോടൊപ്പം തന്നെ അത്യാവശ്യ ഘട്ടം വന്നാല്‍ സ്വര്‍ണം പണയം വെക്കാമെന്ന അനുകൂല ഘടകവും.

വായ്പ നല്‍കുന്നതിന് മുന്‍പ് ഉപഭോക്താവിന്റെ തിരിച്ചടവ് ശേഷി വിലയിരുത്തണമെന്നും വ്യക്തിഗത വിവരങ്ങള്‍ ഉറപ്പാക്കണമെന്നും ധനകാര്യ സ്ഥാപനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. വായ്പയായി നല്‍കുന്ന പണം എന്തിനായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

സ്വര്‍ണ പണയ രംഗത്തെ അസാധാരണമായ വളര്‍ച്ച നിയന്ത്രിക്കാനാണ് റിസര്‍വ് ബാങ്കിന്റെ ശ്രമം.പണയം വെക്കുന്ന സ്വര്‍ണത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബാങ്കുകള്‍ക്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും പൊതുവായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി നടപടിക്രമങ്ങള്‍ പുറത്തിറക്കിയേക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version