
റെക്കോഡിട്ട് വ്യാപാരം; 4800 കോടി ഖത്തർ റിയാൽ കടന്ന് ഇന്ത്യ-ഖത്തർ വ്യാപാരം
ദോഹ: ഖത്തറും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം കഴിഞ്ഞ വർഷം 4,800 കോടി ഖത്തർ റിയാൽ എന്ന റെക്കോർഡ് തുകയിലെത്തി. ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ-ഖത്തർ സംയുക്ത നിക്ഷേപ ഉന്നതതല സമിതി യോഗത്തിലാണ് ഖത്തർ ചേംബർ ഓഫ് കൊമേഴ്‌സ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഖത്തറിൻ്റെ പ്രധാന വ്യാപാര പങ്കാളിയായി ഇന്ത്യ തുടരുകയാണെന്ന് ചേംബർ ബോർഡ് അംഗം മുഹമ്മദ് ബിൻ മഹ്ദി അൽ അഹ്ബാബി അറിയിച്ചു.
സ്വകാര്യ മേഖലയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിച്ചിട്ടുണ്ട്. ഖത്തർ ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റി ഇന്ത്യയിൽ 10 ബില്യൺ ഡോളറിൻ്റെ നിക്ഷേപം നടത്തുന്നതിൻ്റെ ഭാഗമായി ഒരു ഓഫീസ് തുറക്കാൻ ധാരണയായി. ഈ ഓഫീസ് നിക്ഷേപങ്ങളുടെ മേൽനോട്ടം വഹിക്കും.
കൂടാതെ, ഇന്ത്യയും ഖത്തറും തമ്മിൽ സ്വതന്ത്ര വ്യാപാര കരാറിനുള്ള സാധ്യതകളും ചർച്ച ചെയ്യുന്നുണ്ട്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം 28 ബില്യൺ ഡോളറിലെത്തിക്കുകയാണ് ഇരു രാജ്യങ്ങളുടെയും ലക്ഷ്യം. നിലവിൽ ഇത് 13.2 ബില്യൺ ഡോളറാണ്. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം എടുത്തത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t
Comments (0)