
വിമാനത്താവളത്തിൽ നഗ്നനാക്കി നിർത്തി,ചോദിച്ചപ്പോൾ ഇന്ത്യാക്കാരനായതിനാലാണത്രെ; ദുരനുഭവം വിവരിച്ച് വ്‌ളോഗർ
ജോർജിയ: ഇന്ത്യാക്കാരനായതിനാൽ വിമാനത്താവളത്തിൽ നഗ്നനാക്കി നിർത്തി. വിമാനത്താവളത്തിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് വിവരിക്കുന്ന വ്‌ളോഗറുടെ വീഡിയോ ചർച്ചയാകുന്നു. എക്‌സ്‌പ്ലോറർ രാജ എന്നറിയപ്പെടുന്ന വ്‌ളോഗറാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. 120 ഓളം രാജ്യങ്ങളിലൂടെ സഞ്ചരിച്ച ഒരു ട്രാവൽ വ്‌ളോഗർ പങ്കുവച്ച ദുരനുഭവമാണ് സമൂഹമാധ്യമത്തിൽ ചർച്ചയാകുന്നത്. 120 ഓളം രാജ്യങ്ങളിൽ താൻ പോയിട്ടുണ്ട്, എന്നാൽ ജോർജിയയിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്നത് ഏറ്റവും മോശം അനുഭവമായിരുന്നുവെന്നാണ് വ്‌ളോഗർ പറയുന്നത്. വർഗീയവെറി നിറഞ്ഞയിടമാണിവിടം, വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ തന്നെ പൂർണനഗ്നനാക്കി നിർത്തി തുടങ്ങിയ വെളിപ്പെടുത്തലുകളാണ് വ്‌ളോഗറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. 2019ലാണ് താൻ ആദ്യമായി ജോർജിയയിലെത്തിയത്. വിസയും വിമാന ടിക്കറ്റും അടക്കം എല്ലാം കയ്യിലുണ്ടായിരുന്നിട്ടും ഇവിടെ നാലു മണിക്കൂറോളം അകാരണമായി തന്നെ തടഞ്ഞുവച്ചു. പാരീസിലേക്കുള്ള യാത്രയിലായിരുന്നു ഈ ദുരനുഭവം തനിക്ക് നേരിടേണ്ടി വന്നത്. താൻ ഫ്രാൻസിലേക്ക് പോകുന്നുവെന്നത് വിമാനത്താവള അധികൃതർക്ക് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. വിമാനത്താവളത്തിൽ പിടിച്ചുവച്ചതിന് പുറമെ തന്റെ വസ്ത്രങ്ങളടക്കം മുഴുവനും അന്ന് അഴിച്ച് പരിശോധിച്ചു. ആറുവർഷം കഴിഞ്ഞ് വീണ്ടും താൻ ജോർജിയയിലെത്തി. അപ്പോഴും തനിക്ക് സമാന അനുഭവമാണുണ്ടായതെന്ന് രാജ പറയുന്നു. ഇന്ന് തന്റെ പാസ്‌പോർട്ടിൽ നിറയെ ഇത്രയധികം രാജ്യങ്ങൾ സന്ദർശിച്ചതിന്റെ തെളിവായി സ്റ്റാമ്പുകളും വിസകളുമുണ്ട്. അന്നത്തെ അനുഭവം ഉണ്ടാകില്ലെന്നാണ് കരുതിയത്. പക്ഷേ എമിഗ്രേഷൻ കൗണ്ടറിലിരുന്ന സ്ത്രീ പാസ്‌പോർട്ട് കണ്ടപ്പോൾ ആദ്യം ചോദിച്ചത് എന്താണിത്, നിങ്ങളിവിടെ എന്തിന് വന്നു എന്നാണ്. വിനോദസഞ്ചാരിയാണെന്ന് അവർക്ക് മറുപടി നൽകി. എന്നാൽ ഒരു ഇന്ത്യക്കാരൻ വിനോദസഞ്ചാരിയായിരിക്കാൻ സാധ്യതയില്ലെന്നായിരുന്നു അവരുടെ മറുപടി. യുഎസ്, ഷെൻഗൻ അല്ലെങ്കിൽ കാനഡ വിസയുള്ള ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ലോകം മുഴുവൻ സഞ്ചരിക്കാം. അല്ലാത്തപക്ഷം എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ബുദ്ധിമുട്ടാണെന്ന് അവർ പറഞ്ഞു. എന്താണ് പ്രശ്‌നമെന്ന തന്റെ നിരന്തര ചോദ്യങ്ങൾക്കൊടുവിൽ മണിക്കൂറുകൾ കഴിഞ്ഞാണ് താൻ വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് കടന്നതെന്നും രാജ കൂട്ടിച്ചേർത്തു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t
Comments (0)