
വേനൽച്ചൂട്; തൊഴിലാളികൾക്ക് ബോധവത്കരണവുമായി ഖത്തർ തൊഴിൽ മന്ത്രാലയം
ദോഹ: വേനൽച്ചൂടിൽ പണിയെടുക്കുമ്പോൾ ഉണ്ടാകുന്ന ആഘാതങ്ങളെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെക്കുറിച്ചും തൊഴിലാളികൾക്കായി ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ഖത്തർ തൊഴിൽ മന്ത്രാലയത്തിനു കീഴിലുള്ള തൊഴിൽ സുരക്ഷാ, ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ടും ഗൾഫാർ അൽ മിസ്നദ് എൻജിനീയറിങ് ആൻഡ് കോൺട്രാക്ടിങ്ങുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്.
വേനൽക്കാലത്ത് ജോലിസ്ഥലത്തും താമസസ്ഥലത്തും തൊഴിലാളികൾക്ക് സുരക്ഷിതമായ അന്തരീക്ഷമൊരുക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെയും ചൂടുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവബോധം വളർത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് സെമിനാർ സംഘടിപ്പിച്ചത്. തലവേദന, തലകറക്കം, ക്ഷീണം, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിനും ഇത്തരം സന്ദർഭങ്ങളിൽ പ്രഥമശുശ്രൂഷ നൽകുന്നത് ഉൾപ്പെടെ ഫലപ്രദമായി എങ്ങനെ പ്രതികരിക്കാമെന്നും നിർദേശങ്ങൾ നൽകി. മന്ത്രാലയത്തിലെയും വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ടിലെയും വിദഗ്ധർ സെഷനുകൾ കൈകാര്യചെയ്തു.
വെള്ളം കുടിക്കുന്നത് പതിവാക്കുക, വിശ്രമം, നേർത്ത കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുക, നേരിട്ട് സൂര്യപ്രകാശത്തിൽ ജോലി ചെയ്യുമ്പോൾ തൊപ്പിയോ ഹെൽമെറ്റോ ഉപയോഗിക്കുക തുടങ്ങിയ നിർദേശങ്ങൾ അവർ പങ്കുവെച്ചു. ക്ഷീണത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ ജോലി നിർത്തിവെച്ച് തണലുള്ള സ്ഥലത്തേക്ക് മാറാനും ധാരാളം വെള്ളം കുടിക്കാനും അടിയന്തര വൈദ്യസഹായം തേടണമെന്നും അവർ പറഞ്ഞു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)