
ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും ‘മലയാളി ഭാഗ്യം’; ഇത്തവണ സമ്മാനം കൊല്ലം സ്വദേശിക്ക്
അബുദാബി∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ പ്രതിവാര ഇ-ഡ്രോയിൽ ഏകദേശം 11.3 ലക്ഷം ഇന്ത്യൻ രൂപ (50,000 ദിർഹം) വീതം സമ്മാനം നേടിയവരിൽ മലയാളിയടക്കം മൂന്ന് ഇന്ത്യക്കാരും ഒരു ബംഗ്ലാദേശിയും. ദുബായിൽ ഏഴ് വർഷമായി പർച്ചേസ് ഓഫിസറായി ജോലി ചെയ്യുന്ന കൊല്ലം സ്വദേശി അജയ് കൃഷ്ണകുമാർ ജയൻ(32) ആണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 50,000 ദിർഹം സമ്മാനം ലഭിച്ചത്. ഒരു വർഷം മുൻപാണ് സമൂഹമാധ്യമത്തിലൂടെ അജയ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിയുന്നത്. അതിനുശേഷം പത്ത് സുഹൃത്തുക്കൾ അടങ്ങുന്ന ഒരു ഗ്രൂപ്പായി ഇവർ ടിക്കറ്റുകൾ എടുക്കാറുണ്ടായിരുന്നു. സമ്മാനം ലഭിച്ച വിവരം ബിഗ് ടിക്കറ്റ് പ്രതിനിധി അറിയിച്ചപ്പോൾ സന്തോഷം കൊണ്ട് തനിക്ക് സംസാരിക്കാൻ പോലും കഴിഞ്ഞില്ലെന്ന് അജയ് പറഞ്ഞു. സമ്മാനത്തുക ഗ്രൂപ്പിലെ അംഗങ്ങളുമായി പങ്കുവയ്ക്കുമെന്നും അജയ് വ്യക്തമാക്കി. സൗദിയിൽ 15 വർഷമായി സേഫ്റ്റി ഓഫിസറായി ജോലി ചെയ്യുന്ന സമീർ അഹമ്മദ്, സുസ്മിത എന്നിവരാണ് സമ്മാനം നേടിയ മറ്റു ഇന്ത്യക്കാർ. ഓഫറിൽ ലഭിച്ച സൗജന്യ ടിക്കറ്റിലൂടെയാണ് സമീറിന് സമ്മാനം ലഭിച്ചത്. സമ്മാനത്തുക കൊണ്ട് കുടുംബത്തെ സൗദിയിലേക്ക് കൊണ്ടുവരാനും നിലവിലുള്ള വായ്പകൾ തിരിച്ചടക്കാനുമാണ് സമീറിന്റെ പദ്ധതി. സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് സുസ്മിത അറിയിച്ചു. മുഹമ്മദ് ഖോർസെദ് ആലം (22) ആണ് സമ്മാനം ലഭിച്ച ബംഗ്ലാദേശ് സ്വദേശി. ഓഗസ്റ്റ് മൂന്നിന് അബുദാബിയിൽ നടക്കുന്ന ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പിന് മുൻപുള്ള അവസാനത്തെ പ്രതിവാര നറുക്കെടുപ്പാണിത്. അന്ന് പ്രധാന സമ്മാനത്തിനൊപ്പം ആറ് പേർക്ക് 50,000 ദിർഹം വീതം സമ്മാനമായി ലഭിക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)