
ഫ്ലാറ്റിലും വില്ലയിലും താമസക്കാർ പരിധി കടന്നാൽ കോടികൾ പിഴ; യുഎഇയിലുള്ളവർ ഇക്കാര്യം അറിഞ്ഞിരിക്കണം
ഫ്ലാറ്റിലും വില്ലയിലും അനുവദിച്ചതിൽ കൂടുതൽ ആളുകളെ താമസിപ്പിക്കുന്നവർക്കെതിരെ നടപടി കടുപ്പിച്ച് അബുദാബി നഗരസഭ. നിയമലംഘകർക്ക് 10 ലക്ഷം ദിർഹം (2.32 കോടി രൂപ) വരെ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. നിയമലംഘനം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിക്കും. വാടകയ്ക്ക് എടുത്ത ഫ്ലാറ്റോ വില്ലയോ അനധികൃതമായി വാടകയ്ക്ക് കൊടുക്കുന്നവർക്കും സമാന ശിക്ഷയുണ്ടാകും. ‘നിങ്ങളുടെ വീട്, നിങ്ങളുടെ ഉത്തരവാദിത്തം’ എന്ന പ്രമേയത്തിൽ ആരംഭിച്ച ബോധവൽക്കരണ ക്യാംപെയ്നിലാണ് നഗരസഭ ഇക്കാര്യം വ്യക്തമാക്കിയത്.
എമിറേറ്റിലെ ഭവന വകുപ്പിൽ റജിസ്റ്റർ ചെയ്ത കെട്ടിടമാണ് താമസിക്കാനായി തിരഞ്ഞെടുക്കേണ്ടത്. മുനിസിപ്പാലിറ്റിയുടെ ഭവന വകുപ്പിലോ സർക്കാർ സേവന പ്ലാറ്റ്ഫോമായ താമിൽ (TAMM) ഓൺലൈനായോ വാടക കരാർ (തൗതീഖ്) റജിസ്റ്റർ ചെയ്ത് താമസം നിയമവിധേയമാക്കണം.
വാടക കരാർ ഉണ്ടാക്കാതെ താമസിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. താമസ സ്ഥലം മറ്റു കാര്യങ്ങൾക്കു വിനിയോഗിക്കുക, പൊതുഭവനങ്ങൾ വാടകയ്ക്കു നൽകുക, പൊളിക്കാനിട്ട കെട്ടിടത്തിൽ താമസിക്കുക, ഇവ വാടകയ്ക്കോ പാട്ടത്തിനോ നൽകുക, കുടുംബങ്ങൾക്കുള്ള താമസ സ്ഥലം ബാച്‌ലേഴ്സിനു നൽകുക തുടങ്ങിയ കുറ്റങ്ങൾക്ക് അര ലക്ഷം മുതൽ ഒരു ലക്ഷം ദിർഹം വരെയാണ് പിഴ. വാടക കരാർ റദ്ദാക്കിയിട്ടും താമസം തുടർന്നാൽ 25,000 മുതൽ 50,000ദിർഹം വരെ പിഴ നൽകണം. കെട്ടിടങ്ങളിലെ തിരക്ക് കുറയ്ക്കുക, ജീവിത നിലവാരം ഉയർത്തുക, സാമൂഹിക ഐക്യം പ്രോത്സാഹിപ്പിക്കുക, സുരക്ഷ ഉറപ്പാക്കുക, താമസ കെട്ടിടങ്ങളെ നിയന്ത്രിക്കുക എന്നിവയാണ് ലക്ഷ്യം.
നിയമലംഘകർക്ക് ആദ്യഘട്ടത്തിൽ മുന്നറിയിപ്പ് നൽകും. ആവർത്തിച്ചാൽ കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് പിഴ 5,000 മുതൽ 10 ലക്ഷം ദിർഹം വരെ ചുമത്തും. വാഹനമുണ്ടെങ്കിൽ താമസിക്കുന്ന പ്രദേശങ്ങളിലെ പാർക്കിങ് പെർമിറ്റ് എടുത്തിട്ടുണ്ടെന്നും ഉറപ്പാക്കും. നിയമലംഘകരെ കുറിച്ച് താം പ്ലാറ്റ്ഫോമിൽ അറിയിക്കണമെന്നും നഗരസഭ അഭ്യർഥിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)