Posted By user Posted On

ഖത്തര്‍ വക ട്രംപിന് ‘പറക്കുന്ന കൊട്ടാരം’; ദോഹയില്‍ ലക്ഷ്യമിടുന്നത് കോടികളുടെ കരാര്‍

ദോഹ: ലോകത്തെ സമ്പന്ന രാജ്യങ്ങളിലെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍ വരുന്ന രാജ്യമാണ് ഖത്തര്‍. കൊച്ചു രാജ്യമാണെങ്കിലും അളവറ്റ പ്രകൃതി വാതകമാണ് ഇവരുടെ സാമ്പത്തിക കരുത്ത്. സ്വദേശികളേക്കാള്‍ കൂടുതല്‍ വിേേദശികള്‍ താമസിക്കുന്ന രാജ്യം കൂടിയാണ് ഖത്തര്‍. വരും ദിവസം അമേരിക്കയുടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഖത്തര്‍ സന്ദര്‍ശിക്കാന്‍ പോകുകയാണ്.സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് ട്രംപ് വരുന്നത്. രണ്ടാമൂഴത്തില്‍ ട്രംപിന്റെ ആദ്യ നയതന്ത്ര വിദേശ പര്യടനം കൂടിയാണിത്. ചൊവ്വാഴ്ച തുടങ്ങുന്ന സന്ദര്‍ശനം മൂന്ന് ദിവസം തുടരും. മൂന്ന് രാജ്യങ്ങളില്‍ നിന്ന് കോടികളുടെ ആയുധ-പ്രതിരോധ-വ്യാപാര കരാര്‍ ആണ് ട്രംപിന്റെ ലക്ഷ്യം. അതിനിടെയാണ് ട്രംപിന് ഖത്തര്‍ ഭരണകൂടം നല്‍കിയ സമ്മാനം വലിയ വിവാദമായിരിക്കുന്നത്…

ആഡംബര വിമാനമായ ബോയിങ് 747-8 എന്ന ജംബോ ജെറ്റാണ് ഖത്തര്‍ രാജകുടുംബം ഡൊണാള്‍ഡ് ട്രംപിന് നല്‍കുന്നത്. ട്രംപ് ദോഹയില്‍ എത്തുന്ന വേളയില്‍ ഇതിന്റെ ഔദ്യോഗിക കൈമാറ്റം നടക്കുമെന്നാണ് ഒരു റിപ്പോര്‍ട്ട്. എന്നാല്‍ ഈ വേളയില്‍ സ്വീകരിക്കില്ലെന്നും പിന്നീടാകും കൈമാറ്റമെന്നും വാര്‍ത്തകളുണ്ട്. വിഷയത്തില്‍ ചര്‍ച്ച നടക്കുന്നു എന്ന് ഖത്തര്‍ വ്യക്തമാക്കി.

എന്തുകൊണ്ട് പറക്കുന്ന കൊട്ടാരം?

400 ദശലക്ഷം ഡോളര്‍ ആണ് ഖത്തര്‍ കൈമാറുന്ന വിമാനത്തിന്റെ വില. പറക്കുന്ന കൊട്ടാരം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ആത്യാഡംബര വിമാനമായതിനാലാണ് ഇങ്ങനെ വിളിക്കുന്നത്. ഈ വിമാനം ഡൊണാള്‍ഡ് ട്രംപിന്റെ യാത്രകള്‍ക്ക് ഉപയോഗിക്കുമെന്നാണ് വിവരം. എന്നാല്‍ സമ്മാനം ലഭിക്കുന്ന വിമാനം ഇങ്ങനെ ഉപയോഗിക്കുന്നത് ചട്ടലംഘനമാണ് എന്ന് അമേരിക്കയിലെ പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ കുറ്റപ്പെടുത്തുന്നു.

ദോഹയില്‍ വച്ച് കൈമാറില്ല

ട്രംപ് ദോഹയില്‍ എത്തുന്ന വേളയില്‍ വിമാനം കൈമാറുമെന്ന പ്രചാരണം ശരിയല്ല എന്ന് ഖത്തര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎസ് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ ഇത്തരം സമ്മാനങ്ങള്‍ പ്രസിഡന്റ് സ്വീകരിക്കാന്‍ പാടില്ല എന്നാണ് അമേരിക്കയിലെ നിയമം. ഇവ കൈക്കൂലിയുടെ പരിധിയില്‍ വരുമെന്നും അഭിപ്രായമുണ്ട്. എന്നാല്‍ ഈ അഭിപ്രായം അമേരിക്കന്‍ ജസ്റ്റിസ് വകുപ്പ് തള്ളുന്നു. താല്‍ക്കാലിമായി മാത്രമാണ് ട്രംപ് ഇത് ഉപയോഗിക്കുക എന്നും വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അതേസമയം, ഖത്തര്‍ സമ്മാനമായി നല്‍കുന്ന വിമാനത്തിനോട് സാദൃശമുള്ള വിമാനത്തില്‍ ട്രംപ് കഴിഞ്ഞ ഫെബ്രുവരിയില്‍ യാത്ര ചെയ്തു എന്നാണ് എബിസി റിപ്പോര്‍ട്ട് ചെയ്തത്. ബോയിങില്‍ നിന്ന് രണ്ട് പ്രസിഡന്‍ഷ്യല്‍ വിമാനങ്ങള്‍ ട്രംപ് ഭരണകൂടം വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. 3.9 ബില്യണ്‍ ഡോളറിനാണ് ഇത് വാങ്ങുന്നത്. എന്നാല്‍ 2029 വരെ ഇവ കിട്ടില്ല. അതുകൊണ്ടാണ് ഖത്തറിന്റെ ആഡംബര വിമാനം താല്‍ക്കാലികമായി ഉപയോഗിക്കാന്‍ ട്രംപ് ആലോചിക്കുന്നതത്രെ.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *