
‘ഖത്തർ ഗേറ്റ്’വിവാദം മാധ്യമസൃഷ്ടി; ആരോപണങ്ങൾ തള്ളി ഖത്തർ പ്രധാനമന്ത്രി
ദോഹ: ഗാസ മധ്യസ്ഥശ്രമങ്ങളുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ മാധ്യമങ്ങള്‍ ഖത്തറിനെതിരെ നടത്തുന്ന പ്രചാരണങ്ങളെ തള്ളി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി. ഇസ്രായേൽ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ഖത്തർ ശ്രമിച്ചുവെന്ന് ആരോപിച്ച് ‘ഖത്തർ ഗേറ്റ്’ എന്ന പേരിൽ നടത്തുന്ന പ്രചാരണം ഇസ്രായേൽ മാധ്യമങ്ങളുടെ സൃഷ്ടി മാത്രമാണെന്നും, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഖത്തർ പ്രധാനമന്ത്രി പറഞ്ഞു. ഖത്തർ സന്ദർശനത്തിനെത്തിയ തുർക്കിയ വിദേശകാര്യമന്ത്രി ഹകാൻ ഫിദാനൊപ്പം മുശൈരിബിലെ അമീരി ദിവാൻ ഓഫീസിൽ നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കാൻ ഹമാസിനും ഇസ്രായേലിനും ഇടയിൽ ഖത്തർ നടത്തുന്ന മധ്യസ്ഥ ഇടപെടലുകളെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ‘ഖത്തർ ഗേറ്റ്’ എന്ന പേരിലെ ആരോപണങ്ങൾ. ഗസ്സ വിഷയത്തില്‍ തുടക്കം മുതൽ ഈജിപ്തുമായി ചേർന്ന് ഖത്തർ മധ്യസ്ഥ ശ്രമം നടത്തുന്നുണ്ട്. രാഷ്ട്രീയപ്രേരിതമായി ഉയർത്തുന്ന മാധ്യമ പ്രചാരണം അടിസ്ഥാനരഹിതമാണ്. നൂറിലധികം ബന്ദികളുടെ മോചനത്തിനും വെടിനിർത്തൽ സാധ്യമാക്കാനും മധ്യസ്ഥ ശ്രമങ്ങളിലൂടെ സാധിച്ചുവെന്നത് നുണകൾ പ്രചരിപ്പിക്കുന്നവർ മറന്നുപോയി. സമാധാനവും സുരക്ഷയും ഉറപ്പാക്കാനാണ് ഖത്തറിന്റെ പരിശ്രമമെന്നും യുദ്ധങ്ങളിൽ നിന്ന് നേട്ടമുണ്ടാക്കാൻ ഖത്തർ ശ്രമിക്കില്ലെന്നും എത്ര ആരോപണങ്ങളുയർന്നാലും ദൗത്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍താനി വ്യക്തമാക്കി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)