
ഖത്തറിൽ പക്ഷിവേട്ട സീസണിന് തുടക്കം; ഫെബ്രുവരി 15 വരെ അനുവദിക്കും
ദോഹ: ഖത്തറിൽ പക്ഷിവേട്ട സീസണ് തുടക്കം. ദേശാടനപ്പക്ഷികളെയും വന്യജീവികളെയും കർശന ഉപാധികളോടെ വേട്ടയാടാൻ അനുമതി നൽകുന്ന കാലത്തിനാണ് തുടക്കമായത്. അറബികളുടെ പ്രധാന വിനോദങ്ങളിലൊന്നാണ് പക്ഷിവേട്ട. സെപ്തംബർ ഒന്നു മുതൽ ഫെബ്രുവരി 15 വരെയാണ് പക്ഷിവേട്ടയുടെ കാലം. പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ മേൽനോട്ടത്തിൽ കർശന ഉപാധികളോടെയാണ് വേട്ട നടക്കുക. തണുപ്പെത്തുന്നതോടെ മരുഭൂമിയിലെത്തുന്ന ദേശാടനപ്പക്ഷികളെയും വന്യജീവികളെയുമാണ് വേട്ടയാടാനാണ് അനുമതി നൽകുന്നത്.
രാത്രികാലങ്ങളിൽ പക്ഷിവേട്ട അനുവദിക്കില്ല, ഏഷ്യൻ ബസ്റ്റാഡ് എന്നറിയപ്പെടുന്ന ഹുബാറ പക്ഷികളെ ഫാൽക്കൺ പക്ഷികളെ ഉപയോഗിച്ച് മാത്രമേ വേട്ടയാടാവൂ. ഇലക്ട്രോണിക് ഉപകരണങ്ങൾ, പക്ഷിയുടെ ശബ്ദം പുറപ്പെടുവിക്കുന്ന ബേഡ് കോളർ എന്നിവ ഉപയോഗിച്ച് വേട്ട നടത്തരുത്. പക്ഷികളുടെ കൂടുകൾ, മുട്ടകൾ എന്നിവ നശിപ്പിക്കരുത്, വേട്ടയാടിയ പക്ഷികളെ വിൽക്കുന്നത് നിരോധിച്ചിട്ടുണ്ട് തുടങ്ങിയ ഉപാധികളോടെയാണ് വേട്ട അനുവദിച്ചിട്ടുള്ളത്.
രാജ്യത്ത് വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടുന്നതിന് നിരോധനമുണ്ട്. ഹുബാറയ്ക്ക് പുറമേ, യൂറോഷ്യൻ പക്ഷിയായ കർവാൻ, കാട്ടുതാറാവ്, ബ്ലൂറോക്, സോങ് ത്രഷ്, ഡെസർട്ട് വീറ്റർ തുടങ്ങി വേട്ടയ്ക്ക് അനുമതിയുള്ള പക്ഷികളുടെ പട്ടിക അധികൃതർ പുറത്തിറക്കിയിട്ടുണ്ട്. കാട്ടുമുയൽ, ഒട്ടകപ്പക്ഷി, മുള്ളൻപന്നി, ചെറുമാൻ, ഈജിപ്ഷ്യൻ ഫ്ര്യൂട്ട് ബാറ്റ് തുടങ്ങിയ ജീവികളെ വേട്ടയാടുന്നതിന് വിലക്കുണ്ട്. പരിസ്ഥിതി റിസർവ് മേഖലകൾ, പൂന്തോട്ടങ്ങൾ, നഗരപരിധികൾ എന്നിവയ്ക്കുള്ളിൽ വേട്ട പാടില്ല.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t
Comments (0)