Posted By user Posted On

പ്രവാസികള്‍ക്കായി ‘നോര്‍ക്ക കെയര്‍’ സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ; നവംബര്‍ ഒന്ന് മുതല്‍; ആര്‍ക്കൊക്കെ ലഭിക്കും, വിശദവിവരങ്ങള്‍

പ്രവാസികള്‍ക്കായി ‘നോര്‍ക്ക കെയര്‍’ നോര്‍ക്കയുടെ സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ. ‘നോര്‍ക്ക കെയര്‍’ ഇന്‍ഷുറന്‍ പരിരക്ഷ നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കും. പദ്ധതിയുടെ ഗ്ലോബല്‍ രജിസ്ട്രേഷന്‍ ഡ്രൈവ് 2025 സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 21 വരെ നടക്കും.

ഇതിന് മുന്നോടിയായി ഓരോ മേഖലയിലേയും ലോക കേരള സഭ (എല്‍.കെ.എസ്) അംഗങ്ങള്‍ വിവിധ പ്രവാസി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന പ്രീ ലോഞ്ച് യോഗങ്ങള്‍ക്ക് നാളെ യു.എ.ഇ യില്‍ തുടക്കമാകും. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലാണ് യോഗങ്ങള്‍ സംഘടിപ്പിക്കുന്നത്. അബുദാബി ബീച്ച് റൊന്‍ടാന ഹോട്ടലില്‍ ആഗസ്റ്റ് 22 വെള്ളിയാഴ്ച വൈകീട്ട് 7.30 നും, ദുബായില്‍ ആഗസ്റ്റ് 24 ഞായറാഴ്ച രാവിലെ 10 മണിക്ക് ഗ്ലെന്‍ഡേല്‍ സ്‌കൂളിലും, അന്നേദിവസം വൈകുന്നേരം 6.30 ന് ഷാര്‍ജയിലെ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലുമാണ് യോഗങ്ങള്‍ ചേരുക.

ഏറെകാലമായി പ്രവാസികേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ എന്നത്. പദ്ധതി നടപ്പിലാക്കുമെന്ന് ഇക്കഴിഞ്ഞ നാലാം ലോകകേരളസഭയില്‍ ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രഖ്യാപനമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നതെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ‘നോര്‍ക്ക കെയര്‍’ പദ്ധതിയുടെ ഔദ്യോഗിക ലോഗോ പ്രകാശനവും അബൂദാബിയിലെ യോഗത്തോടനുബന്ധിച്ച് നാളെ (ആഗസ്റ്റ് 22 ന്) നടക്കും.

വിദേശ രാജ്യങ്ങളിലെ പ്രവാസി കേരളീയര്‍ക്കായുളള നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി കാര്‍ഡുളളവര്‍ക്കും, കേരളത്തിനു പുറത്ത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡുളള പ്രവാസി കേരളീയര്‍ക്കും നോര്‍ക്ക കെയര്‍ പ്രയോജനപ്പെടുത്താവുന്നതാണ്. രോഗാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളോടെ അഞ്ചു ലക്ഷം രുപയുടെ ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയാണ് നോര്‍ക്ക കെയര്‍ വഴി ലഭ്യമാക്കുന്നത്. ഭര്‍ത്താവ്, ഭാര്യ രണ്ടു കുട്ടികള്‍ എന്നിവരുള്‍പ്പെടുന്ന കുടുംബത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 13,275 രൂപയും, വ്യക്തിഗത ഇന്‍ഷുറന്‍സിന് 7,965 രൂപയും, ഒരു കുട്ടിയെ കൂടി അധികമായി ചേര്‍ക്കുന്നതിന് 4,130 രൂപയുമാണ് പ്രീമിയം തുക. ഇന്ത്യയിലുടനീളം 12,000-ത്തിലധികം ആശുപത്രികളില്‍ ക്യാഷ്ലെസ് ചികിത്സ ലഭ്യമാക്കുന്ന നോര്‍ക്ക കെയറില്‍ നിലവിലുളള രോഗങ്ങള്‍ക്കും പരിരക്ഷാ ഉറപ്പാക്കാനാകും എന്നതും പ്രത്യേകതയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഐ.ഡി കാര്‍ഡ് വിഭാഗത്തിലെ 0471-2770543,528 (പ്രവൃത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *