Posted By user Posted On

പ്രവാസികൾക്ക് അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസ്; നോർക്കയുടെ പദ്ധതിയിൽ അംഗമാകാം, കവറേജ് എങ്ങനെ, അറിയാം

പ്രവാസി മലയാളികളുടെ ആരോഗ്യ പരിരക്ഷ ലക്ഷ്യമാക്കി സംസ്ഥാന സർക്കാരും നോർക്കയും ചേർന്ന് ആരോഗ്യ-അപകട ഇൻഷുറൻസ് ഏർപ്പെടുത്തുന്നു. പ്രവാസികളുടെ ദീർഘകാലത്തെ ആവശ്യമാണ് ഇതോടെ സാക്ഷാൽക്കരിക്കുന്നത്.

വിദേശത്ത് ജോലി ചെയ്യുന്ന എല്ലാ മലയാളികൾക്കും പഠനാവശ്യത്തിനായി സ്റ്റുഡന്റ് വീസയിൽ പോയിരിക്കുന്ന വിദ്യാർഥികൾക്കും ഇൻഷുറൻസിൽ ചേരാം. നോർക്ക കെയർ എന്ന പദ്ധതിയിലൂടെ ഇന്ത്യയിലെ 12,000 ആശുപത്രികളിൽ പണരഹിത ചികിത്സ ഉറപ്പാക്കുന്നതാണ് ഇൻഷുറൻസ് പദ്ധതി.

∙ പ്രീമിയം തുക എങ്ങനെ
7,500 രൂപയാണ് ഒരാൾക്ക് വാർഷിക പ്രീമിയം. ഭർത്താവും ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബ ഇൻഷുറൻസിന് 13,275 രൂപയാണ് പ്രീമിയം. രണ്ടിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ ഓരോ കുട്ടിക്കും 4,130 രൂപ അധികമായി നൽകണം. 25 വയസിൽ താഴെയുള്ള കുട്ടികളെയാണ് കുടുംബ ഇൻഷുറൻസിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

∙ ആർക്കൊക്കെ പദ്ധതിയിൽ അംഗമാകാം
കേരളത്തിനു പുറത്ത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ജീവിക്കുന്നവർക്കും വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്കുമാണ് പദ്ധതിയിൽ അംഗമാകാൻ കഴിയുക. പ്രവാസികളിൽ നോർക്ക പ്രവാസി ഐഡി കാർഡ് ഉള്ളവർക്കും സ്റ്റുഡന്റ് ഐഡി കാർഡ് ഉള്ളവർക്കും നോർക്ക കെയർ പരിരക്ഷ ലഭിക്കും.

∙ ഇൻഷുറൻസ് പരിരക്ഷ എങ്ങനെ?
5 ലക്ഷം രൂപവരെയുള്ള ചികിത്സയാണ് ഇൻഷുറൻസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രവാസികൾക്ക് 70 വയസുവരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. നിലവിലുള്ള രോഗങ്ങൾക്കും ഇൻഷുറൻസ് ലഭിക്കും. ക്യാഷ്‌ലെസ് ഇല്ലാത്ത ആശുപത്രികളിൽ നിന്നു ക്ലെയിം നൽകാൻ 60 ദിവസം വരെ സമയം ലഭിക്കും.

ചികിത്സയ്ക്കായി കിടക്കുന്ന മുറിയുടെ വാടകയായി ഇൻഷുറൻസ് തുകയുടെ ഒരു ശതമാനം ലഭിക്കും. ഐസിയു ചാർജുകൾക്ക് ഇൻഷുറൻസ് തുകയുടെ രണ്ട് ശതമാനവും ലഭിക്കും. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു മുൻപുള്ള 30 ദിവസത്തെയും പ്രവേശിപ്പിച്ച ശേഷമുള്ള 60 ദിവസം വരെയുള്ള ചികിത്സാ ചെലവും ലഭിക്കും. ഡേ കെയർ ചികിത്സകളും ഇൻഷുറൻസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിദേശത്ത് അപകട മരണം സംഭവിച്ചാൽ ഇൻഷുറൻസ് തുക പൂർണമായും നഷ്ടപരിഹാരമായി ലഭിക്കും. ഇതിനു പുറമെ, മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് 50,000 രൂപ ചെലവിനത്തിൽ ലഭിക്കും. ഇന്ത്യയ്ക്ക് അകത്താണെങ്കിൽ മൃതദേഹം നാട്ടിലെത്തിക്കാൻ 25,000 രൂപയാണ് സഹായം. അപകടത്തിൽ സ്ഥിരമോ, പൂർണമോ ആയ ശാരീരിക വൈകല്യം സംഭവിച്ചാലും ഇൻഷുറൻസ് തുകയായ 5 ലക്ഷം രൂപ ലഭിക്കും. ഭാഗിക വൈകല്യങ്ങൾക്ക് പോളിസി ഷെഡ്യൂൾ പ്രകാരമുള്ള നഷ്ടപരിഹാരമായിരിക്കും ലഭിക്കുക. ഒരു വർഷമാണ് പോളിസിയുടെ കാലാവധി. ഓരോ വർഷവും ആരോഗ്യ – അപകട ഇൻഷുറൻസ് പുതുക്കണം.

∙ഇൻഷുറൻസിൽ ചേരാം
ഇൻഷുറൻസിലേക്ക് പ്രവാസികളെ ചേർക്കുന്നതിനു ലോകമെമ്പാടും വ്യാപക പ്രചാരണം നടത്താൻ നോർക്ക തീരുമാനിച്ചു. സെപ്റ്റംബർ 25 മുതൽ ഒരു മാസം നീണ്ടു നിൽക്കുന്ന റജിസ്ട്രേഷൻ ഡ്രൈവ് രാജ്യാന്തര തലത്തിൽ നടത്തും. പരമാവധി പ്രവാസികളെ പദ്ധതിയുടെ ഭാഗമാക്കുകയാണ് ഡ്രൈവിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി പ്രവാസി സംഘടനകൾ, ലോക കേരള സഭാംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തി വിവിധ രാജ്യങ്ങളിൽ പ്രാരംഭ യോഗങ്ങൾ നോർക്ക നടത്തും.

ആദ്യ ഘട്ട യോഗങ്ങൾ യുഎഇയിലാണ് നടക്കുന്നത്. ഈ മാസം 22 മുതൽ 24 വരെ ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലാണ് യോഗം ചേരുന്നത്. അബുദാബി, അൽഐൻ മേഖലാ യോഗം 22നു വൈകുന്നേരം 7.30ന് അബുദാബി ബീച്ച് റൊട്ടാന ഹോട്ടലിലും ദുബായ് മേഖല യോഗം 24നു രാവിലെ 10നു ദുബായ് ഗ്ലെൻഡേൽ സ്കൂളിലും ഷാർജ,അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ, റാസൽഖൈമ മേഖല യോഗം 24നു വൈകുന്നേരം 6നു ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിലുമാണ് നടക്കുന്നത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *