മാക്സ് ആപ് ഇനി എല്ലാ ഫോണിലും വേണം, വാട്സാപ്പും നിയന്ത്രിച്ചേക്കും; റഷ്യയിൽ വലിയ മാറ്റങ്ങൾ
റഷ്യൻ ഇന്റർനെറ്റ് ഉപയോക്താക്കളുടെ സൈബർ ലോകം ഉടൻ തന്നെ വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ. വാട്സാപ് പോലുള്ള വിദേശ പ്ലാറ്റ്ഫോമുകൾക്ക് റഷ്യയിൽ വിലക്ക് വരാൻ സാധ്യതയേറുകയാണ്. ഇതിനു പിന്നാലെ, റഷ്യൻ സർക്കാർ വികസിപ്പിച്ചെടുത്ത ‘മാക്സ്’ എന്ന പുതിയ ആപ് രാജ്യത്തെ എല്ലാ സ്മാർട്ട്ഫോണുകളിലും നിർബന്ധമായി ഇൻസ്റ്റാൾ ചെയ്യാൻ ഒരുങ്ങുകയാണ്. ഇതോടെ, ചൈനീസ് മോഡലിലുള്ള ഒരു നിയന്ത്രിത ഇന്റർനെറ്റ് ഇക്കോസിസ്റ്റം കെട്ടിപ്പടുക്കാനുള്ള റഷ്യയുടെ നീക്കങ്ങളാണ് റിപ്പോർട്ടിലൂടെ പുറത്തുവരുന്നത്.
വാട്സാപ്പ്, യൂട്യൂബ് തുടങ്ങിയ അമേരിക്കൻ കമ്പനികളുടെ ആപ്പുകൾ ഉപയോഗിക്കുമ്പോൾ, സെർവറുകൾ റഷ്യക്ക് പുറത്തായിരിക്കും. ഇത് റഷ്യൻ സർക്കാരിന് ഈ പ്ലാറ്റ്ഫോമുകളിലെ വിവരങ്ങൾ നിരീക്ഷിക്കാനോ ആവശ്യമെങ്കിൽ സെൻസർ ചെയ്യാനോ സാധിക്കില്ല. ഇത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് റഷ്യൻ ഭരണകൂടം കരുതുന്നു.
അടച്ചുപൂട്ടലുകളുടെ നാളുകൾ
യൂട്യൂബ്, എക്സ്( ട്വിറ്റർ), ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകൾ അഴിമതികൾ പുറത്തുകൊണ്ടുവരാനും പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും വ്യാപകമായി ഉപയോഗിച്ചിരുന്നു. ഒരു കാലത്ത് റഷ്യയിലെ അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ പ്രധാന വേദിയായിരുന്നു ഇന്റർനെറ്റ്. എന്നാൽ 2022-ൽ യുക്രെയ്ൻ അധിനിവേശത്തിനു ശേഷം ഈ സാഹചര്യം മാറി. ഫെയ്സ്ബുക്ക്, ട്വിറ്റർ തുടങ്ങിയ പ്രധാന പാശ്ചാത്യ പ്ലാറ്റ്ഫോമുകൾക്ക് റഷ്യ വിലക്കേർപ്പെടുത്തി.
രാജ്യത്ത് നിരോധിക്കപ്പെട്ട പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനം കൂടുതൽ ദുഷ്കരമാക്കാനുള്ള നിയമങ്ങൾ പ്രസിഡന്റ് പുട്ടിൻ അടുത്തിടെ പാസാക്കി. വിപിഎൻ സേവനങ്ങളുടെ ഉപയോഗം നിയന്ത്രിക്കുകയും അവയുടെ പരസ്യം നിരോധിക്കുകയും ചെയ്യുന്ന നിയമങ്ങളാണ് ഇതിൽ പ്രധാനം. രാജ്യത്ത് ഇതിനോടകം ഏകദേശം 200-ഓളം വിപിഎൻ സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
എന്താണ് ‘മാക്സ്’, എന്തുകൊണ്ട് ഇത് നിർണായകം?
റഷ്യൻ സർക്കാർ അംഗീകരിച്ച് വികസിപ്പിച്ച പുതിയ മെസേജിങ് ആപ്പാണ് ‘മാക്സ്’. അടുത്ത മാസം മുതൽ റഷ്യയിൽ വിൽക്കുന്ന എല്ലാ പുതിയ സ്മാർട്ട്ഫോണുകളിലും ഈ ആപ് നിർബന്ധമായി ഇൻസ്റ്റാൾ ചെയ്യും. ചൈനയുടെ ‘വിചാറ്റ്’ പോലെ, ടെക്സ്റ്റിങ്, പേയ്മെൻ്റ്, സർക്കാർ സേവനങ്ങൾ എന്നിങ്ങനെ എല്ലാ കാര്യങ്ങൾക്കും ഉപയോഗിക്കാവുന്ന ഒരു ‘സൂപ്പർ ആപ്’ ആയി ഇതിനെ മാറ്റാനാണ് റഷ്യയുടെ പദ്ധതി.
വാട്സാപ് റഷ്യൻ മാർക്കറ്റിൽ നിന്ന് പുറത്തുപോകാൻ തയ്യാറെടുക്കണമെന്ന് റഷ്യൻ ഐടി വിഭാഗം ഹെഡ് അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യയിൽ ഏകദേശം 10 കോടിയോളം ഉപയോക്താക്കളുള്ള വാട്സാപ്പിന് ഇത് വലിയ തിരിച്ചടിയാകും. വിലക്കില്ലാത്ത പ്ലാറ്റ്ഫോമായ ടെലിഗ്രാമിനും ഭീഷണിയുണ്ട്. സർക്കാർ അനുകൂലികളും വിമതരും ഒരുപോലെ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമാണെങ്കിലും, ടെലിഗ്രാം സർക്കാരിനെ “സമ്മർദ്ദത്തിലാക്കുന്ന ഒരു സ്ഥാപനമാണ്” എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
വിവരങ്ങൾ ട്രാക്ക് ചെയ്യാനും സെൻസർ ചെയ്യാനും ആശയവിനിമയങ്ങൾ തടയാനും സർക്കാരിന് പൂർണ അധികാരം നൽകുന്ന ഒരു ക്ലോസ്ഡ് ഡിജിറ്റൽ ലോകം കെട്ടിപ്പടുക്കുകയാണ് ഇതിലൂടെ റഷ്യൻ ഭരണകൂടം ലക്ഷ്യമിടുന്നതെന്ന് ആരോപണം വിവിധ മനുഷ്യാവകാശ സംഘടനകൾ ഉയർത്തുന്നു.
പുതിയ നിയന്ത്രണങ്ങൾക്കെതിരെ റഷ്യയിൽ പരിഹാസവും വിമർശനങ്ങളും ഉയരുന്നുണ്ട്. ‘മാക്സ്’ ആപ്പ് ഇതിനോടകം തന്നെ തമാശകൾക്കും ട്രോളുകൾക്കും വിഷയമായി. കർശനമായ നിയന്ത്രണങ്ങൾക്കിടയിലും നിരവധി റഷ്യക്കാർ വിപിഎനുകൾ ഉപയോഗിച്ച് യൂട്യൂബ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകൾ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)