
ഫലസ്തീനിൽ മാനുഷിക സഹായം ഉറപ്പാക്കണം; അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ബ്രിട്ടൻ പ്രധാനമന്ത്രിയുമായി സംസാരിച്ചു
ദോഹ: ഫലസ്തീൻ പ്രദേശങ്ങളിലെയും ഗസ്സ മുനമ്പിലെയും ജനങ്ങൾക്ക് ആവശ്യമായ മാനുഷിക സഹായം എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അടിയന്തര വെടിനിർത്തൽ സാധ്യമാക്കണമെന്നും അടക്കമുള്ള വിഷയങ്ങൾ ചർച്ചചെയ്ത് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ബ്രിട്ടൻ പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി ഫോണിൽ സംസാരിച്ചു.അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെയും ഗസ്സ മുനമ്പിലെയും സ്ഥിതിഗതികൾ ചർച്ചചെയ്ത ഇരുവരും പ്രാദേശികവും അന്തർദേശീയവുമായ പുതിയ സംഭവവികാസങ്ങളെക്കുറിച്ചും പരസ്പരം പങ്കുവെച്ചു.കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഖത്തർ അമീറും ഫോൺ കോളിലൂടെ വിവിധ വിഷയങ്ങൾ ചർച്ചചെയ്തത്.
കൂടാതെ, ഇരു രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ പരസ്പരം പിന്തുണക്കുന്നത് അടക്കമുള്ള കാര്യങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു.നേരത്തേ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനും ദ്വിരാഷ്ട്ര പരിഹാരത്തിന് പിന്തുണ നൽകാനുമുള്ള ബ്രിട്ടന്റെ നിലപാടിനെ ഖത്തർ സ്വാഗതം ചെയ്തിരുന്നു. ഗസ്സ മുനമ്പിൽ വെടിനിർത്തലിന് ഇസ്രായേൽ സമ്മതിച്ചില്ലെങ്കിൽ സെപ്റ്റംബറോടെ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്നാണ് യു.കെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞത്. ഗസ്സയിലെ ദുരന്തസാഹചര്യവും ദ്വിരാഷ്ട്ര പരിഹാരത്തിലെത്താനുള്ള സാധ്യത മങ്ങുന്നതും കണക്കിലെടുത്തായിരുന്നു അദ്ദേഹം ഈ തീരുമാനമെടുത്തത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)