
ഖത്തര്‍ വക തലസ്ഥാനം പൊന്നാക്കും; ഇന്ത്യയുടെ വക മിന്നുന്ന റോഡ്
വിദേശ രാജ്യങ്ങളില്‍ ഖത്തര്‍ ഭരണകൂടം നിക്ഷേപം നടത്തുന്നത് ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി മുഖേനയാണ്. ഗയാനയുടെ തലസ്ഥാനത്ത് കൂറ്റന്‍ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് അതോറിറ്റി. ഗയാനയുടെ തലസ്ഥാനമായ ജോര്ജ്ടൗണിലെ 1.21 ലക്ഷം ചതുരശ്ര മീറ്റര്‍ ചുറ്റളവില്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപമാണ് ഖത്തര്‍ നടത്തുന്നത്. ജോര്‍ജ് ടൗണ്‍ അലങ്കരിക്കുകയും വികസന പദ്ധതി നടപ്പാക്കലുമാണ് ഖത്തറിന്റെ ദൗത്യം.
തെക്കന്‍ അമേരിക്കയില്‍ സമീപകാലത്ത് അതിവേഗം പുരോഗതി പ്രാപിക്കുന്ന രാജ്യമാണ് ഗയാന. വികസ്വര രാജ്യങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളില്‍ ഖത്തര്‍ എപ്പോഴും മുഖ്യ പങ്ക് വഹിക്കാറുണ്ട്. ഇന്ത്യയുള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളില്‍ കോടികളുടെ നിക്ഷേപം ഖത്തര്‍ നടത്തിയതും ഇതിന്റെ ഭാഗമാണ്. സമാനമായ ദൗത്യം തന്നെയാണ് ഗയാനയിലും ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി നിര്‍വഹിക്കുന്നത്.
ഖത്തര്‍ ഒരുക്കുന്നത് ഇവയാണ്
ഹോട്ടല്‍, വാണിജ്യ കേന്ദ്രം, താമസ കേന്ദ്രങ്ങള്‍, മൈതാനം, പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഹരിത മേഖലകള്‍ എന്നിവയാണ് ഖത്തര്‍ ജോര്ജ്ടൗണില് ഒരുക്കാന്‍ പോകുന്നത്. ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയും ഗയാന സര്‍ക്കാരും ഇതുസംബന്ധിച്ച കരാറില്‍ കഴിഞ്ഞ ദിവസം ഒപ്പുവച്ചു. ഗയാനയുടെ ജനങ്ങളില്‍ 40 ശതമാനം ഇന്ത്യന്‍ വംശജരാണ് എന്നതാണ് എടുത്തു പറയേണ്ട കാര്യം.
നരേന്ദ്ര മോദി ഗയാന സന്ദര്‍ശിച്ചത് കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് ഇന്ത്യയില്‍ നിന്ന് നിരവധി തൊഴിലാളികളെ ഗയാനയിലേക്ക് കൊണ്ടുപോയിരുന്നു. അവരുടെ പിന്മുറക്കാരാണ് ഗയാനയിലെ വലിയൊരു വിഭാഗം. ഇന്ത്യയുമായി അവിടെയുള്ള ജനങ്ങള്‍ക്കുള്ള ബന്ധം നരേന്ദ്ര മോദി സന്ദര്‍ശനത്തിനിടെ എടുത്തു പറഞ്ഞിരുന്നു. 1968ല്‍ ഇന്ദിര ഗാന്ധി സന്ദര്‍ശിച്ച ശേഷം ഗയാനയില്‍ പോയ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.
ഗയാനയിലെ ക്രൂഡ് ഓയില്‍ ഇന്ത്യയിലേക്ക്
ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് പത്ത് ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ആണ് ഗയാനയില്‍ നിന്ന് മാസങ്ങള്‍ക്ക് മുമ്പ് വാങ്ങിയത്. എച്ച്പിസിഎല്‍-മിത്തര്‍ എനര്‍ജി എന്നിവരുള്‍പ്പെടുന്ന കണ്‍സോര്‍ഷ്യം വാങ്ങുന്ന പത്ത് ലക്ഷം ബാരല്‍ ഇതിന് പുറമെയാണ്. ഒഎന്‍ജിസി വിദേശ്, ഓയില്‍ ഇന്ത്യ എന്നീ ഇന്ത്യന്‍ കമ്പനികളും ഗയാനയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനുള്ള ചര്‍ച്ച നടത്തിയിരുന്നു
ഈസ്റ്റോ കോസ്റ്റിനെയും ഈസ്റ്റ് ബാങ്കിനെയും ബന്ധിപ്പിക്കുന്ന റോഡ് ഗയാനയില്‍ നിര്‍മിക്കുന്നത് ഇന്ത്യന്‍ കമ്പനികളാണ്. ഇതിന്റെ ആദ്യ ഘട്ടം അടുത്തിടെ ഗയാന പ്രസിഡന്റ് ഇര്ഫാന് അലി ഉദ്ഘാടനം ചെയ്തിരുന്നു. റൈറ്റ്സ്, അശോക ബില്‍ഡ്കോണ്‍ ഉള്‍പ്പെടെയുള്ള കമ്പനികളാണ് റോഡ് നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഇവരെ അഭിനന്ദിച്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഗയാനയുടെ വളര്‍ച്ചയ്ക്ക് എല്ലാ സഹായവും ഇന്ത്യ നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു.
Comments (0)