കനത്ത വെയിലത്ത് കാറിനുള്ളിൽ കുട്ടികളെ തനിച്ചാക്കരുത്: നിർദേശവുമായി ഖത്തർ
ദോഹ∙ ചുട്ടുപൊള്ളുന്ന ചൂടാണ് ഖത്തറിലും. വെയിലത്ത് വാഹനങ്ങളിൽ കുട്ടികളെ തനിച്ചിരുത്തി പുറത്തേക്ക് പോകുന്നത് ജീവന് ഭീഷണി ഉയർത്തുമെന്ന മുന്നറിയിപ്പുമായി അധികൃതർ. ഒരു നിമിഷത്തെ അശ്രദ്ധയ്ക്ക് ഒരു ജീവൻ തന്നെ വില നൽകേണ്ടി വരുമെന്നും ഓർമപ്പെടുത്തൽ. കാറിനുള്ളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട മാർഗനിർദേശങ്ങളും അധികൃതർ നൽകിയിട്ടുണ്ട്.
പകൽ താപനില കനക്കുന്ന സാഹചര്യത്തിൽ യാത്രകളിൽ കുട്ടികളുടെ മേൽ ജാഗ്രത വേണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷനിലെ (എച്ച്എംസി) ഹമദ് ട്രോമ സെന്ററിലെ ഹമദ് ഇൻജുറി പ്രിവൻഷൻ പ്രോഗ്രാം അധികൃതരുടേതാണ് ഓർമപ്പെടുത്തൽ. പാർക്ക് ചെയ്ത ശേഷം കുട്ടികളെ കാറിനുള്ളിൽ തനിച്ചിരുത്തി അൽപ നേരത്തേക്കാണെങ്കിലും രക്ഷിതാക്കൾ പുറത്തേക്ക് പോകുന്നത് ജീവന് ഭീഷണിയാണ്. പുറത്തെ താപനിലയേക്കാൾ ഇരട്ടിയാണ് കാറിനുള്ളിലെ താപനിലയെന്ന് ഹമദ് ഇൻജുറി പ്രിവൻഷൻ പ്രോഗ്രാം കോ ഓർഡിനേറ്റർ സോളർ സെകായൻ ചൂണ്ടിക്കാട്ടി. തിരക്കിനിടയിൽ കാറിനുള്ളിൽ കുട്ടിയുണ്ടെന്നത് ശ്രദ്ധിക്കാതെ രക്ഷിതാക്കൾ പുറത്തു പോയതിനെ തുടർന്ന് ജീവൻ നഷ്ടമായ കുട്ടികള്‍ ഏറെയുണ്ടെന്നും സോളർ കൂട്ടിച്ചേർത്തു.
അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് അപകടസാധ്യത കൂടുതൽ. പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. കുട്ടികൾക്ക് മാത്രമല്ല വിട്ടുമാറാത്ത രോഗമുള്ള അല്ലെങ്കിൽ ഗുരുതരമായ ആരോഗ്യാവസ്ഥയിലുള്ളവർക്കും വെയിലത്ത് പാർക്ക് ചെയ്തിരിക്കുന്ന കാറിനുള്ളിൽ ഇരിക്കുമ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്.
എന്തൊക്കെ ശ്രദ്ധിക്കണം?
∙വാഹനം പാർക്ക് ചെയ്ത് ലോക്ക് ചെയ്യുന്നതിന് മുൻപ് കുട്ടികൾ ഉൾപ്പെടെ എല്ലാവരും പുറത്തിറങ്ങിയെന്ന് ഉറപ്പാക്കണം. യാത്രയ്ക്കിടെ കുട്ടികൾ കാറിനുള്ളിൽ ഇരുന്ന് ഉറങ്ങിപോകാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം.
∙കുട്ടിയെ കാണാതായാൽ ഉടൻ തന്നെ വാഹനത്തിനുള്ളിൽ പരിശോധിക്കണം. കാരണം കാറിനുള്ളിൽ അശ്രദ്ധമായി കുട്ടികൾ കയറിയിരിക്കാൻ ഇടയുണ്ട്.
∙കുട്ടികളുമായി കാറിൽ സഞ്ചരിക്കുമ്പോൾ ഫോൺ, പഴ്സ്, ഹാൻഡ് ബാഗ് എന്നിവ പിറകിലെ സീറ്റിൽ കുട്ടിയുടെ സമീപത്ത് വെയ്ക്കണം. പുറത്തേക്ക് ഇറങ്ങുമ്പോൾ ഫോണും മറ്റുമെടുക്കുമ്പോൾ കുട്ടികളുണ്ടെന്നത് ശ്രദ്ധിക്കാനാണിത്. കുട്ടികളുടെ ബാക്ക്പായ്ക്കോ ലഞ്ച് ബോക്സോ സീറ്റിന്റെ മുൻവശത്ത് വയ്ക്കുന്നതും ശ്രദ്ധ കിട്ടാൻ എളുപ്പമാണ്.
∙വീട്ടിലാണ് വാഹനം പാർക്ക് ചെയ്യുന്നത് എങ്കിൽപോലും എല്ലായ്പ്പോഴും വാഹനം ലോക്ക് ചെയ്യണം. കുട്ടികളുടെ കയ്യെത്താ ദൂരത്ത് വേണം കാറിന്റെ താക്കോൽ സൂക്ഷിക്കാൻ. രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെടാതെ കുട്ടികൾ കാർ തുറന്ന് അകത്ത് കയറുന്നത് ഇതിലൂടെ ഒഴിവാക്കാം.
∙കുട്ടികളുടെ കൈവശം വാഹനത്തിന്റെ താക്കോൽ ഒരിക്കലും നൽകരുത്. കാറിനുള്ളിൽ ഇരുന്ന് താക്കോൽ കയ്യിലെടുത്ത് കളിക്കുന്നതിന്റെ അപകടസാധ്യത കുട്ടികളെ പറഞ്ഞ് മനസ്സിലാക്കണം. മുതിർന്നവർക്കൊപ്പം മാത്രമേ വാഹനത്തിനുള്ളിൽ കയറാവൂ എന്നും ബോധവൽക്കരിക്കണം.
∙കാർ ഡോറുകളിൽ ചൈൽഡ് സേഫ്റ്റി ലോക്ക് ആക്ടിവേറ്റ് ചെയ്യണം. കാറിനുള്ളിൽ ഇരിക്കുമ്പോൾ കൺട്രോൾ ബട്ടണുകളിലോ ലോക്കുകളിലോ സ്പർശിക്കാൻ പാടില്ലെന്നതും പറഞ്ഞു മനസ്സിലാക്കണം.
∙ഏതെങ്കിലും കാരണവശാൽ കുട്ടിക്ക് അമിതമായ വിയർപ്പ്, നിർജലീകരണം, ആശങ്ക എന്നിവ അനുഭവപ്പെട്ടാൽ ഉടൻ ശിതീകരിച്ച മുറിയിലേക്ക് മാറ്റി 999 എന്ന നമ്പറിൽ വൈദ്യസഹായം തേടണം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)