
ഖത്തറിലെ തുറമുഖ ചരക്കുനീക്കത്തിൽ മുന്നേറ്റം
ദോഹ: ചരക്ക് കൈമാറ്റ പ്രവർത്തനങ്ങളിൽ മികച്ച മുന്നേറ്റവുമായി ഖത്തറിലെ തുറമുഖങ്ങൾ. 2025 ജൂണിനെ അപേക്ഷിച്ച് കഴിഞ്ഞമാസം ജനറൽ കാർഗോ ചരക്കുനീക്കത്തിൽ 64 ശതമാനം വർധനയുണ്ടായതായി എംവാനി ഖത്തർ എക്സ് പോസ്റ്റിലൂടെ അറിയിച്ചു. ജനറൽ കാർഗോ, കെട്ടിട നിർമാണ സാധനങ്ങൾ തുടങ്ങി എല്ലാവിധ ചരക്കുനീക്കത്തിന്റെ അളവിലും വലിയ വർധനയാണ് രേഖപ്പെടുത്തിയത്. രാജ്യം സമുദ്രഗതാഗത മേഖല വളര്ച്ചയുടെ പാതയിലാണ്. 2025 ജൂലൈയിൽ രാജ്യത്തെ വിവിധ തുറമുഖങ്ങളിൽനിന്നായി 2,34,000 ടണിലധികം ജനറൽ, കാർഗോ ചരക്കുകളാണ് കൈമാറ്റം ചെയ്യപ്പെട്ടത്. മേഖലയിലെ ലോജിസ്റ്റിക്സ് ഹബ് എന്ന നിലയിൽ ഖത്തർ വളർച്ചയെ ഇത് കാണിക്കുന്നു.
നിർമാണ സാമഗ്രികൾ 105 ശതമാനം വർധനയും വാഹന കൈമാറ്റം 30 ശതമാനവും കന്നുകാലി ഇറക്കുമതി 86 ശതമാനവുമാണ് വളർച്ച നിരക്ക് രേഖപ്പെടുത്തിയത്. കപ്പലുകളുടെ വരവുകൾ 16 ശതമാനം വർധിച്ചു. ഖത്തറിലെ പ്രധാന തുറമുഖമായ ഹമദ് പോർട്ടിൽ ജൂലൈയിൽ 1,16,379 ടി.ഇ യൂനിറ്റ് (ട്വന്റിഫൂട്ട് ഇക്വിവലന്റ് യൂനിറ്റ്) ആണ് കൈമാറ്റം ചെയ്യപ്പെട്ടത്. ആകെ 151 കപ്പലുകൾ ഹമദ് പോർട്ടിൽ നങ്കൂരമിട്ടതായും ടെർമിനൽ ഓപറേറ്ററായ ക്യു ടെർമിനൽസ് പറയുന്നു.
മേഖലയിലെ ഏറ്റവും വലിയതും പരിസ്ഥിതി സൗഹൃദവുമായ ഹമദ് പോർട്ടിൽ കാര്യക്ഷമവും ഉയർന്ന അളവിലുള്ള ചരക്ക് കൈമാറ്റം സാധ്യമാക്കുന്നതിലൂടെയും അന്താരാഷ്ട്ര വ്യാപാരം സുഗമമാക്കുന്നതിനും അതുവഴി ഖത്തറിന്റെ സാമ്പത്തിക വൈവിധ്യവത്കരണത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനും സഹായിക്കുന്നു. 2025 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഖത്തറിലെ തുറമുഖങ്ങൾ ട്രാൻസ്ഷിപ്മെന്റ് അളവിൽ 11 ശതമാനം തുടർച്ചയായി വർധന രേഖപ്പെടുത്തി. 7,42,000ത്തിലധികം ടി.ഇ യൂനിറ്റ് പോർട്ടുകളിൽ കൈമാറ്റംചെയ്യപ്പെട്ടു. ഇതിൽ ഏകദേശം 3,68,000 ടി.ഇ യൂനിറ്റുകളാണ് ഹമദ് പോർട്ട് വഴി ട്രാൻസ്ഷിപ് ചെയ്യപ്പെട്ടത്. ഈ കാലയളവിൽ കപ്പലുകളുടെ വരവ് 12 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)