Posted By user Posted On

ചെറുവിമാനം തകർന്ന് മലയാളി യുവാവിന് ദാരുണാന്ത്യം

ടൊറന്റോ ∙ കാനഡയിൽ ചെറുവിമാനം തകർന്ന് മലയാളി യുവാവിന് ദാരുണാന്ത്യം. മലയാളിയായ ഗൗതം സന്തോഷ് (27) ആണ് മരിച്ചത്. 26 ന് വൈകിട്ട് ന്യൂഫൗണ്ട്ലാന്റിലെ ഡീർ തടാകത്തിന് സമീപമാണ് സംഭവം. രണ്ടുപേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവർ രണ്ടുപേരും മരിച്ചതായാണ് റിപ്പോർട്ട്. ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് മരണം സ്ഥിരീകരിച്ചു. ന്യൂഫൗണ്ട്‌ലൻഡിലെ ഡീർ തടാകത്തിന് സമീപം വിമാനാകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഇന്ത്യൻ പൗരനായ ഗൗതം സന്തോഷിന്റെ ദാരുണമായ വിയോഗത്തിൽ  അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി കോൺസുലേറ്റ് ജനറൽ സമൂഹമാധ്യമത്തിൽ കുറിച്ചു.

യുവാവിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും പിന്തുണയും നൽകുന്നതിനായും ദുഃഖിതരായ കുടുംബവുമായും കാനഡയിലെ പ്രാദേശിക അധികാരികളുമായും ബന്ധപ്പെടുന്നതായും  കോൺസുലേറ്റ് അറിയിച്ചു.

ബ്രിട്ടിഷ് കൊളംബിയ ആസ്ഥാനമായുള്ള ഡെൽറ്റ, കിസിക് ഏരിയൽ സർവേ ഇൻ‌കോർപ്പറേറ്റഡിലാണ് ഗൗതം സന്തോഷ് ജോലി ചെയ്തിരുന്നത്.  അപകടം നടക്കുമ്പോൾ വിമാനത്തിൽ രണ്ട് പേർ ഉണ്ടായിരുന്നതായി റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (ആർ‌സി‌എം‌പി) നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ഇരകളുടെ കുടുംബങ്ങൾക്കും അവരുടെ പ്രിയപ്പെട്ടവർക്കും അഗാധമായ അനുശോചനം അറിയിക്കുന്നതായി ബ്രിട്ടിഷ് കൊളംബിയ ആസ്ഥാനമായുള്ള കമ്പനിയായ കിസിക് ജിയോസ്പേഷ്യൽ ആൻഡ് ഏരിയൽ സർവേയുടെ ഉടമ ആൻഡ്രൂ നെയ്‌സ്മിത്ത് പറഞ്ഞു. അപകടത്തിൽ ഉൾപ്പെട്ട വിമാനം ‘പൈപ്പർ നവാജോ ട്വിൻ എൻജിൻ വിമാനം’ ആയിരുന്നുവെന്നും ഒരേസമയം എട്ട് യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുമെന്നും റിപ്പോർട്ടുണ്ട്. കാനഡയിലെ ഗതാഗത സുരക്ഷാ ബോർഡ് അന്വേഷണം ആരംഭിച്ചു. അപകടത്തെത്തുടർന്ന്, കമ്പനി “സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്ന്” നെയ്‌സ്മിത്ത് പറഞ്ഞു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *