
‘യുപിഐ ഇടപാടുകള്‍ അധികകാലം സൗജന്യമായിരിക്കില്ല’; സൂചന നല്കി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) ഇടപാടുകള്‍ എക്കാലവും സൗജന്യമായിരിക്കില്ലെന്ന് സൂചന നല്കി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. യുപിഐ പുതിയ റെക്കോഡുകള്‍ കീഴടക്കി മുന്നേറുമ്പോഴാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഈ പരമാര്‍ശം. യുപിഐ സംവിധാനം സാമ്പത്തികമായി സുസ്ഥിരമാകേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ ഉപയോക്താക്കളില്‍ നിന്ന് യാതൊരു ഫീസും ഈടാക്കാതെയാണ് യുപിഐ സേവനം ലഭ്യമാക്കുന്നത്. എന്നാല്‍, ഇതിനായി ബാങ്കുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും റിസര്‍വ് ബാങ്ക് സബ്സിഡി നല്‍കുന്നുണ്ട്. ഈ ചെലവ് കണ്ടെത്തേണ്ടി വരുമെന്ന് അദ്ദേഹം അടുത്തിടെ ഒരു മീഡിയ ഇവന്റില്‍ പറഞ്ഞു. സുരക്ഷിതവും വേഗത്തില്‍ ലഭ്യമാക്കാവുന്നതുമായ ഡിജിറ്റല്‍ പേയമെന്റുകള്‍ ഇന്ത്യയുടെ പ്രതിബദ്ധതയുടെ ഭാഗമാണെങ്കിലും ദീര്‍ഘകാല സുസ്ഥിരത അവഗണിക്കാവുന്നതല്ലെന്നാണ് ഗവര്‍ണറുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്. യുപിഐ ഉപയോഗം ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് പ്രതിദിന യുപിഐ ഇടപാടുകള്‍ ഇരട്ടിയായി. രണ്ട് വര്‍ഷം മുന്‍പ് 31 കോടി ഇടപാടുകളായിരുന്നു ശരാശരി പ്രതിദിനം നടന്നിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 60 കോടിയായി ഉയര്‍ന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)