
അണ്ടർ 17 ലോകകപ്പ്; ഫുട്ബാൾ കൗമാരോത്സവത്തിന് ഇനി നൂറുദിനങ്ങൾ
ദോഹ: കായിക ലോകത്തിന്റെ ആസ്ഥാനമായി മാറിയ ഖത്തറിൽ ഇനി ഫുട്ബാൾ കൗമാരോത്സവത്തിന്റെ ദിനങ്ങൾ. അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ കിക്കോഫിന് ഇനി നൂറുദിനങ്ങൾ. ചരിത്രത്തിൽ ആദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന അണ്ടർ 17 ലോകകപ്പ് നവംബർ മൂന്നു മുതൽ 27 വരെ ആസ്പയർ സോണിൽ നടക്കും.
ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് ലോകകപ്പിന്റെ ഫൈനൽ മത്സരം. ഫുട്ബാൾ ടൂർണമെന്റ് എന്നതിനപ്പുറം ആരാധകർക്ക് ഒരൊറ്റ ഫാൻസോണിൽ ഉത്സവാന്തരീക്ഷത്തോടെയുള്ള ലോകകപ്പ് മത്സരങ്ങൾക്കാണ് ഖത്തർ വേദിയൊരുക്കുന്നത്. 2029വരെ തുടർച്ചയായി ഖത്തർ തന്നെയാണ് അണ്ടർ 17 ലോകകപ്പിന് ആതിഥേയത്വം വഹിക്കുക. വർഷം തോറും ടൂർണമെന്റ് നടത്താനുള്ള ഫിഫയുടെ തീരുമാനത്തിന്റെ ഭാഗമായാണ് തുടർച്ചയായി ഖത്തർ ആതിഥേയത്വം വഹിക്കുന്നത്.
2022 ലോകകപ്പ് ഫുട്ബാളിനായി ഒരുക്കിയ സ്റ്റേഡിയങ്ങളും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഉപയോഗപ്പെടുത്തിയാണ് രാജ്യത്ത് മത്സരങ്ങൾ നടക്കുന്നത്. 2023ൽ ഇന്തോനേഷ്യയിലായിരുന്നു ഏറ്റവും ഒടുവിലായി അണ്ടർ 17 ലോകകപ്പ് നടന്നത്. കലാശപ്പോരിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി ജർമനിയാണ് കിരീടം സ്വന്തമാക്കിയത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)