Posted By user Posted On

ഖത്തറിലെ ജയിലുകളിൽ മലയാളികൾ ഉൾപ്പെടെ 700 ലധികം ഇന്ത്യക്കാർ: പാർലമെന്റ് മാർച്ച് നടത്തി കുടുംബങ്ങൾ

ന്യൂഡൽഹി ∙ ഖത്തറിലെ ജയിലുകളിൽ കഴിയുന്ന 700 ൽ പരം ഇന്ത്യൻ തടവുകാരുടെ മോചനത്തിന് കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് മലയാളികൾ ഉൾപ്പെടെയുള്ളവരുടെ കുടുംബങ്ങൾ പാർലമെന്റ് മാർച്ച് നടത്തി. ഖത്തറിലെ മനുഷ്യാവകാശ നിയമങ്ങളിലെ അവ്യക്തത മൂലം കുടുംബങ്ങൾക്ക് ജയിലിൽ കഴിയുന്നവരുമായി ബന്ധപ്പെടാനോ അവരുടെ മോചനത്തിനുള്ള നിയമപരമായ നടപടികൾ മുന്നോട്ടു കൊണ്ടുപോകാനോ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി ഇന്ത്യൻ പ്രവാസി മൂവ്മെന്റിന്റെ നേതൃത്വത്തിലാണ് മാർച്ചും പ്രതിഷേധ യോഗവും നടത്തിയത്.

തടവുകാരെ തിരിച്ചെത്തിക്കുന്നതിനായി 2015 ൽ രൂപം നൽകിയ കരാർ ഉടനടി നടപ്പാക്കണം, എംബസി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളിൽ അന്വേഷണം നടത്തി നടപടിയെടുക്കണം തുടങ്ങിയ ആവശ്യങ്ങൾ പ്രവാസി മൂവ്മെന്റ് ഉന്നയിച്ചു. ഇതു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് ഉൾപ്പെടെ നിവേദനവും നൽകി.

മുസ്‌ലിം ലീഗിന്റെ ലോക്സഭ കക്ഷി നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, രാജ്മോഹൻ ഉണ്ണിത്താൻ, ആന്റോ ആന്റണി, ഹൈബി ഈഡൻ, ഷാഫി പറമ്പിൽ, കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്, കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ്, മൂവ്മെന്റ് അധ്യക്ഷൻ ആർ.ജെ. സജിത്, എറീന ഭാസ്കർ എന്നിവർ പ്രസംഗിച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version